Connect with us

Kerala

കേന്ദ്രസഹായം നിര്‍ത്തി; പോലീസ് നവീകരണം പ്രതിസന്ധിയിലെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പോലീസ് സേനയുടെ നവീകരണത്തിന് ലഭ്യമായിരുന്ന കേന്ദ്രസഹായം നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ കേരള പോലീസിന്റെ ആധുനികവത്കരണം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവിഹിതമായി പ്രതിവര്‍ഷം ലഭിച്ചിരുന്ന 60 കോടി മുടങ്ങിയതോടെ സി സി ടി എന്‍ എസ് പ്രോജക്ട് ഉള്‍പ്പെടെയുള്ളവ അവതാളത്തിലാണ്. ഇതുമറികടക്കാനും സേനാംഗങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
പോലീസ് കാന്റീന്‍ സൗകര്യം കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കും. ഗ്രേഡ് പ്രൊമോഷനുമായി ബന്ധപ്പെട്ട അപാകതകള്‍ ഏപ്രില്‍ 15നകം പരിഹരിച്ച് റിപോര്‍ട്ട് സമര്‍പിക്കാന്‍ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പൂര്‍ത്തിയാകുന്ന മുറക്ക് ഒഴിവുകള്‍ പി എസ് സിക്ക് റിപോര്‍ട്ട് ചെയ്യും. ഒരോ പോലീസുകാരന്റെ വീഴ്ചയും സേനയുടെ മൊത്തം പ്രതിച്ഛായയെയാണ് ബാധിക്കുന്നത്. സേനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ പാളിച്ച പോലും പൊതുജനങ്ങളും മാധ്യമങ്ങളും ഉറ്റുനോക്കുന്ന സാഹചര്യത്തില്‍ പോലീസുകാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ടി പി സുമേഷ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ മണികണ്ഠന്‍ നായര്‍ ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യന്‍, ജയില്‍ ഡി ജി പി. ടി പി സെന്‍ കുമാര്‍, എ ഡി ജി പിമാരായ എ ഹേമചന്ദ്രന്‍, കെ പത്മകുമാര്‍, സിറ്റി പോലീസ് കമീഷണര്‍ എച്ച് വെങ്കിടേഷ്, റൂറല്‍ എസ് പി ഷെഫീന്‍ അഹമ്മദ്, കേരള പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് പി ഡി ഉണ്ണി, എം ജി ജോസഫ് പ്രസംഗിച്ചു.

Latest