വയോധിക നേതൃത്വമെന്ന് സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ് പൊതുചര്‍ച്ചയില്‍ വിമര്‍ശം

Posted on: March 27, 2015 5:36 am | Last updated: March 27, 2015 at 12:36 am
SHARE

പുതുച്ചേരി: സമരങ്ങള്‍ വിജയം കാണുന്നില്ലെന്നും ദേശീയതലത്തില്‍ പാര്‍ട്ടിക്കുള്ളത് വയോധിക നേതൃത്വമാണെന്നും സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുചര്‍ച്ചയില്‍ വിമര്‍ശം. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് ദേശീയ നേതൃത്വത്തിനെതിരെ രംഗത്ത് വന്നത്. ആദ്യ ദിവസം ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോര്‍ട്ട്, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് എന്നിവയില്‍ വിവിധ സംസ്ഥാനത്ത് നിന്നെത്തിയ പ്രതിനിധികള്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടത്തിയ ശേഷമാണ് പൊതുചര്‍ച്ച തുടങ്ങിയത്. സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചക്ക് തുടക്കമിട്ട കേരളത്തില്‍ നിന്നുള്ള രാജാജി മാത്യു തോമസ് തന്നെ നേതൃത്വത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി. കേരളത്തില്‍ നിന്നുള്ള ആര്‍ ലതാദേവിയും ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്തു.

കുറഞ്ഞ കാലയളവില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ മുന്നേറ്റം പോലും സി പി ഐക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന് രാജാജി ചൂണ്ടിക്കാട്ടി. അവര്‍ നടത്തുന്ന സമരങ്ങളിലൂടെ വലിയ നേട്ടമാണുണ്ടാക്കിയത്. എന്നാല്‍, പാര്‍ട്ടി സമരങ്ങള്‍ ക്ലച്ച് പിടിക്കുന്നില്ല. അണികള്‍ക്കിടയില്‍ ഇത് വിശ്വാസ്യതയുടെ പ്രശ്‌നമായി വളരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ വയോധിക നേതൃത്വമാണ് പാര്‍ട്ടിക്കുള്ളത്. ദേശീയ കൗണ്‍സിലിലെ ഭൂരിഭാഗം പേരും 75 വയസ്സിന് മേല്‍ പ്രായമുള്ളവരാണ്. ഈ സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ട്. യുവാക്കളിലാണ് ഇന്ന് പൊതുസമൂഹം പ്രതീക്ഷയര്‍പ്പിക്കുന്നത്. അതിനാല്‍ പാര്‍ട്ടിയും ഈ തലത്തിലേക്ക് വളരണമെന്നും രാജാജി പറഞ്ഞു.
രാജാജിക്കും ലതാദേവിക്കും പുറമെ രാജ് കുമാര്‍ സിങ്ങ് (ഗുജറാത്ത്), ഹര്‍ദേബ് അര്‍ഷി (പഞ്ചാബ്), ചന്ദ വെങ്കട്ട റെഡ്ഡി, കെ പ്രതാപ റെഡ്ഡി, സാംബശിവ റാവു (തെലങ്കാന), രഞ്ചിത്ത് മജുംദാര്‍ (ത്രിപുര), മിര്‍സ (ജമ്മു കശ്മീര്‍), മുനീന്ദര്‍ മൊഹന്തി (അസം), പ്രകാശ് റെഡ്ഡി, മാധുരി (മഹാരാഷ്ട്ര), നാരായണ്‍ സിങ്ങ്, ജബ്ബാര്‍ ആലം (ബിഹാര്‍), പ്രഭോദ് പാണ്ഡെ (പശ്ചിമ ബംഗാള്‍), അഭയ് സാഹു, ആഷിഷ് (ഒഡിഷ), താരാസിങ്ങ് (രാജസ്ഥാന്‍), ചന്ദാനി (രാജസ്ഥാന്‍) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
രാഷ്ട്രീയ – സാമ്പത്തിക മേഖലകളിലെ വലതുപക്ഷവത്കരണവും വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്ക് മുന്‍കൈ ലഭിക്കുന്ന സാഹചര്യവും നേരിടുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ടെന്നും രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ശക്തമായ ബഹുജനപ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും അതിന് കെട്ടുറപ്പോടെയുള്ള ഇടതുപക്ഷ ഐക്യനിര വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.