തര്‍ക്കം മുറുകുന്നു; രാജ്യസഭാ സീറ്റിന് വേണ്ടി സെക്രട്ടറി പദം ഒഴിയാമെന്ന് കെ പി എ മജീദ്

Posted on: March 27, 2015 12:30 am | Last updated: March 28, 2015 at 11:45 am
SHARE

majeedമലപ്പുറം: രാജ്യസഭാ സീറ്റിനെ ചൊല്ലി മുസ്‌ലിംലീഗിനുള്ളില്‍ തര്‍ക്കം മുറുകുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും സംസ്ഥാന സെക്രട്ടറി പി വി വഹാബും സീറ്റിന് ആവശ്യമുയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാകാതെ ലീഗ് നേതൃത്വം കുഴങ്ങുകയാണ്. കെ പി എ മജീദിനെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും വഹാബിനെ മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദും മലപ്പുറം ജില്ലാ പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങളും പിന്തുണക്കുന്നതിനാല്‍ തീരുമാനമെടുക്കുക എളുപ്പമല്ല.

കെ കെ രാഗേഷിനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി സി പി എം തീരുമാനിച്ചു കഴിഞ്ഞതോടെ അടുത്ത മാസം മൂന്നിന് ചേരുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിയില്‍ തന്നെ ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പ്രശ്‌നം സങ്കീര്‍ണമാകുകയാണെങ്കില്‍ ലീഗ് പാര്‍ലിമെന്ററി ബോര്‍ഡ് യോഗം കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയാകും ചെയ്യുക. ഇതിനായി പാണക്കാട്ട് പ്രത്യേക യോഗം ചേരും.
ഹൈദരലി ശിഹാബ് തങ്ങള്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, ഇ അഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബശീര്‍, കെ പി എ മജീദ് എന്നിവരാണ് പാര്‍ലിമെന്ററി ബോര്‍ഡിലുള്ളത്. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മജീദിന് അവസരം നല്‍കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അദ്ദേഹം വര്‍ഷങ്ങളായി പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
രാജ്യസഭാ സീറ്റില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ലീഗ് നേതൃത്വത്തെ അദ്ദേഹം അറിയിച്ചു കഴിഞ്ഞു. ഇതിനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവി രാജിവെക്കാമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. 2004ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ ടി കെ ഹംസയോട് തോറ്റ കെ പി എ മജീദ് പിന്നീട് ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. എ കെ ആന്റണിയെ സ്ഥാനാര്‍ഥിയാക്കേണ്ടി വന്നതിനാലാണ് ഒരു തവണ മജീദിന് ലഭിക്കേണ്ട അവസരം നഷ്ടമായത്. അന്ന് തന്നെ പിന്നീട് ഒഴിവ് വരുന്ന സീറ്റ് ലീഗിന് നല്‍കുമെന്ന് യു ഡി എഫില്‍ ധാരണയുണ്ടാക്കിയിരുന്നു. ഇതനുസരിച്ചാണ് കെ പി എ മജീദും വഹാബും സീറ്റിനായി നോട്ടമിട്ടത്. വഹാബിന്റെ രാജ്യസഭാ അംഗത്വം 2010നാണ് അവസാനിച്ചത്. എന്നാല്‍ പിന്നീട് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും ലീഗ് സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരുകയായിരുന്നു. താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത വഹാബിനെ രാജ്യസഭയിലേക്ക് മുമ്പ് അയച്ചതിനെ തുടര്‍ന്ന് ലീഗ് പണാധിപത്യത്തിന് വഴങ്ങിയെന്ന ആരോപണം കേള്‍ക്കേണ്ടി വന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ അത്തരമൊരു ആരോപണം പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണം ചെയ്യുമെന്നതിനാല്‍ വഹാബിനെ ഒഴിവാക്കുന്നതിലേക്ക് കാര്യങ്ങളെത്തും.
അങ്ങനെയെങ്കില്‍ പ്രവര്‍ത്തന പരിചയവും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് മികച്ച വിജയം നേടുക്കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്ത മജീദിനായിരിക്കും നറുക്ക് വീഴുക.