പി സി ജോര്‍ജിനെ പിന്തുണച്ച് കൊല്ലത്ത് പ്രമേയം

Posted on: March 27, 2015 5:23 am | Last updated: March 27, 2015 at 12:24 am
SHARE

കൊല്ലം: പി സി ജോര്‍ജിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ്- എം പ്രവര്‍ത്തകര്‍ കൊല്ലത്ത് നേതൃയോഗം ചേര്‍ന്ന് പ്രമേയം പാസാക്കി. വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യാന്‍ ആര് ശ്രമിച്ചാലും അതിനെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കര്‍ശനമായി നേരിടുമെന്ന് പ്രമേയത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് എത്താനും രാഷ്ട്രീയരംഗത്ത് മൂക്കാതെ പഴുക്കാനും ശ്രമിക്കുന്ന കുബുദ്ധിയാണ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരുവിലേക്ക് വലിച്ചിഴക്കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു. പി സി ജോര്‍ജിന്റെ കോലം കത്തിക്കാന്‍ ജില്ലയില്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും പ്രമേയം മുന്നറിയിപ്പ് നല്‍കുന്നു. സത്യത്തെ ഭയപ്പെടുന്നവരും മൂടിവെച്ചതൊക്കെ വെളിച്ചത്താകുമെന്ന് ആശങ്കയുള്ളവരും പാര്‍ട്ടിയിലുണ്ടെന്നും എണ്ണത്തില്‍ കുറവായ അവര്‍ പാര്‍ട്ടിയെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ ഏതെങ്കിലും ‘കോംപ്ലാന്‍ ബോയി’മാരുടെ നേതൃത്വത്തില്‍ വഷളാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കുമെന്നും പ്രമേയം പറയുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ട്രാവന്‍കൂര്‍ സിമന്റ്‌സ് ഡയറക്ടറുമായ രവി മൈനാഗപ്പള്ളി, സംസ്ഥാന സെക്രട്ടേറിയറ്റംഗം കല്ലട ദാസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എക്‌സ്‌വെഡിറ്റ് ആന്റണി, തോമസ് ഇടിക്കുള, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എസ് രവികുമാര്‍, അഞ്ചല്‍ രാമചന്ദ്രന്‍, പള്ളിയറ യേശുദാസ്, എ അനില്‍കുമാര്‍ യോഗത്തില്‍ പങ്കെടുത്തു.