ചൈനയില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച വിമാനത്താവളം കണ്ടെത്തി

Posted on: March 27, 2015 5:19 am | Last updated: March 27, 2015 at 12:19 am
SHARE

ബീജിംഗ്: ചൈനയില്‍ ധനികനായ സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മിച്ച വിമാനത്താവളം കണ്ടെത്തി. ഒരു യാത്രക്കാരന്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെത്തുടര്‍ന്നാണ് ചെനീസ് വ്യാപാരി ലി യുടെ ഉടമസ്ഥതയിലുള്ള രഹസ്യ വിമാനത്താവളം അധികൃതര്‍ കണ്ടെത്തിയത്.
ചൈനയില്‍ അടുത്തകാലത്ത് സ്വകാര്യ വിമാനങ്ങളുടെ ഉടമസ്ഥാവകാശം സമ്പന്നര്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ സൈനിക നിയന്ത്രണത്തിലുള്ള വ്യോമ വ്യാപ്തിയില്‍ (എയര്‍ സ്‌പേസ്) സ്വകാര്യ വിമാനങ്ങള്‍ക്ക് അനുവാദം നല്‍കുന്നില്ല.
കഴിഞ്ഞ ആഴ്ച ലി യുടെ ഹെലികോപ്റ്റര്‍ പറക്കലിനിടെ അന്‍ഹുയി കിഴക്കന്‍ പ്രവിശ്യയില്‍ ജലാശയത്തിനടുത്ത് തകര്‍ന്നു വീണിരുന്നു. ഇതിനടുത്തായി 24,000 ചതുരശ്രവാര വിസ്തൃതിയുള്ള രഹസ്യ വിമാനത്തവളം പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ ആണ് കണ്ടെത്തിയത്. മുള്ളു കമ്പികള്‍ കൊണ്ട് സുരക്ഷ ഒരുക്കിയ താവളത്തില്‍ മൂന്ന് ഹെലിപാഡുകളും 400 മീറ്റര്‍ റണ്‍വേയും ഒരു നീന്തല്‍ കുളവും മരം കൊണ്ട് നിര്‍മിച്ച വീടും സ്ഥിതി ചെയ്യുന്നുണ്ട്.
സ്വകാര്യ വിമാന ഉടമസ്ഥാവകാശം ചൈനയില്‍ മറ്റു സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ലി യുടെ വിമാനത്താവളം അനധികൃതമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാല്‍ ഒരാഴ്ചക്കുള്ളില്‍ അത് തകര്‍ക്കുമെന്നും പ്രദേശിക മാധ്യമം പറഞ്ഞു.