Connect with us

Gulf

ആര്‍ സി എഫ് ഐ പ്രദര്‍ശനം ശ്രദ്ധേയമായി

Published

|

Last Updated

ദുബൈ: ദിഹാദ് എക്‌സിബിഷനില്‍ ഇന്ത്യയില്‍ നിന്ന് റിലീഫ് ആന്‍ഡ് ചാരിറ്റി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ആര്‍ സി എഫ് ഐ) യുടെ സ്റ്റാള്‍ ആകര്‍ഷകമായി. നിരവധി പേര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്ന സംരംഭങ്ങളെ ലോക സമൂഹത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതിന് ആര്‍ സി എഫ് ഐ പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്.
ശൈഖ് റാശിദ് ഹാള്‍ 13എ യില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ സി എഫ് ഐ സ്റ്റാള്‍ ദുബൈ ഇസ്‌ലാമിക് അഫയേര്‍സ് ആന്‍ഡ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജുമാ ഉബൈദ് അല്‍ഫലാസി ഉദ്ഘാടനം ചെയ്തു. ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവി അലി ഖല്‍ഫാന്‍ അല്‍മന്‍സൂരി, മുബാറക് ഹസന്‍ അല്‍ജാബിരി, ആര്‍ സി എഫ് ഐ ജനറല്‍ സെക്രട്ടറി ഡോ. എം എ എച്ച് അസ്ഹരി സംബന്ധിച്ചു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ “മില്യന്‍ ഡ്രസ്” പദ്ധതിയില്‍ ഇന്ത്യയിലെ 60,000 കുട്ടികള്‍ക്ക് ആര്‍ സി എഫ് ഐ മുഖേന വസ്ത്ര വിതരണം നടത്തിയിരുന്നു. അനാഥകളുടെ സംരക്ഷണം, ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് ശുദ്ധ ജലമെത്തിക്കുന്ന സ്വീറ്റ് വാട്ടര്‍ പ്രൊജക്ട്, പ്രാഥമിക വിദ്യാലയങ്ങള്‍, പ്രാര്‍ഥനാ കേന്ദ്രങ്ങള്‍, സ്വയം തൊഴില്‍ സംരംഭ കേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലനം, ആരോഗ്യ രംഗത്തെ ഇടപെടല്‍, സ്ത്രീ ശാക്തീകരണം തുടങ്ങിയ ജീവകാരുണ്യ മേഖലയില്‍ സജീവ ഇടപെടലാണ് ആര്‍ സി എഫ് ഐ നടത്തിവരുന്നതെന്ന് ജനറല്‍ സെക്രട്ടറി ഡോ. എം എ എച്ച് അസ്ഹരി പറഞ്ഞു.

Latest