യമനില്‍ ഹൂത്തികള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ആക്രമണം തുടങ്ങി

Posted on: March 27, 2015 5:16 am | Last updated: March 27, 2015 at 12:17 am
SHARE

റിയാദ്: അമേരിക്കന്‍ പിന്‍ബലത്തോടെ അധികാരത്തിലേറിയ യമന്‍ പ്രസിഡന്റിനെ അധികാരത്തില്‍ നിന്ന് പുറന്തള്ളിയ ഹൂത്തി വിമതര്‍ക്കെതിരെ സഊദി അറേബ്യയുടെ പ്രാദേശിക സഖ്യ രാജ്യങ്ങളും സൈനിക ആക്രമണം തുടങ്ങി. 10 രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗള്‍ഫ് കോ ഓപറേഷന്‍ കൗണ്‍സില്‍ (ജി സി സി)ഉള്‍പെടെയുള്ള സഖ്യകക്ഷികള്‍ വ്യോമാക്രമണം തുടങ്ങി എന്നാണ് യു എസിലെ സഊദി അറേബ്യന്‍ സ്ഥാനപതി അദ്ല്‍ അല്‍ജുബൈര്‍ വ്യക്തമാക്കിയത്. നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട യമന്‍ ഭരണകൂടത്തെ പിന്തുണക്കുന്നതിനും നിലനിര്‍ത്തുന്നതിനും വിമത ഹൂത്തി വിഭാഗം രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുന്നത് തടയിടുന്നതിനും വേണ്ടിയാണ് ആക്രമണം നടത്തുന്നതെന്നും വാഷിംഗ് ടണിലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ജുബൈര്‍ പറഞ്ഞു. അതേസമയം, തലസ്ഥാനത്ത് സഊദി നടത്തിയ വ്യോമാക്രമണത്തില്‍ 18 പൗരന്‍മാര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് സന്‍ആയിലെ ഹൂത്തി വിമതരുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പറഞ്ഞു. സന്‍ആ വിമാനത്താവളത്തില്‍ നിന്നും തലസ്ഥാന നഗരിയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും ഭീകരമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നുവെന്ന് ഒരു മാധ്യമ റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി. സഊദി അറേബ്യ, അതിര്‍ത്തിയിലെ ഹൂത്തി ശക്തികേന്ദ്രമായ സആദാ പ്രദേശത്തിലെ മലാഹേസ്, ഹഫര്‍സുഫ്‌യാന്‍ മേഖലകളെയാണ് ആക്രമണത്തില്‍ കൂടുതലും ലക്ഷ്യം വെക്കുന്നത് . യമന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി ഗള്‍ഫ് മന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടിട്ടുണ്ട്.
100 സഊദി യുദ്ധവിമാനങ്ങളാണ് ആക്രമണ പദ്ധതിയില്‍ പങ്ക് ചേര്‍ന്നിട്ടുള്ളതെന്നാണ് സഊദി സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് സഊദി ഉടമസ്ഥതയിലുള്ള അല്‍അറേബ്യ ചാനല്‍ വ്യക്തമാക്കിയത്. യു എ ഇ 30 ജെറ്റ് വിമാനങ്ങളുമായാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ബഹ്‌റൈന്‍ എട്ട്, മൊറോക്കൊയും ജോര്‍ദാനും ആറ് വീതവും നല്‍കിയതിനു പുറമേ സൈനിക നീക്കത്തെ സഹായിക്കാനായി സുഡാന്‍ മൂന്ന് യുദ്ധ വിമാനങ്ങളും നല്‍കിയതായി അല്‍ അറേബ്യ വ്യക്തമാക്കി. സൈനിക നീക്കത്തില്‍ ജോര്‍ദാനും ഈജിപ്തും സാന്നിധ്യം അറിയിക്കുന്നതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ബാക്കി നാല് മുസ്‌ലിം രാഷ്ട്രങ്ങളോട് തങ്ങള്‍ നയിക്കുന്ന സൈനിക പദ്ധതിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സഊദി അറേബ്യ പറഞ്ഞു. സഊദിയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടിലേക്ക് കുവൈത്തിന്റെ എഫ് 18 സൂപ്പര്‍ ഹോണസ്റ്റ് വിമാനവുമായി മൂന്ന് സൈനിക വ്യൂഹത്തെ അയക്കുന്നതായി കുവൈത്ത് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.