അശരണര്‍ക്ക് അത്താണിയായി അത്താഴക്കൂട്ടം

Posted on: March 27, 2015 5:00 am | Last updated: March 27, 2015 at 12:00 am
SHARE

unnamed (6)കോഴിക്കോട്: വീട്ടില്‍ ഭക്ഷണം ബാക്കിയാണോ? കല്യാണം പോലുള്ള വലിയ വിരുന്നുകളില്‍ ഭക്ഷണം ആവശ്യത്തിലധികം പാകം ചെയ്ത് പാഴാകുന്ന സ്ഥിതിയാണോ? ഉടനെ വിളിക്കുക അത്താഴക്കൂട്ടത്തിന്. പാഴാക്കി കളയുന്ന ഭക്ഷണം ശേഖരിച്ച് ഒരു നേരം ആഹാരത്തിന് വകയില്ലാത്തവര്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍. അഞ്ച് മാസം മുമ്പ് തൃശുര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ഈ സംഘത്തിന് ഇപ്പോള്‍ നൂറില്‍പ്പരം വളണ്ടിയര്‍മാര്‍ പല ജില്ലകളിലുമുണ്ട്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ സജീവമാണ് അത്താഴക്കൂട്ടത്തിന്റെ പ്രവര്‍ത്തനം.
ശനി, ഞായര്‍ ദിവസങ്ങളിലാണ് ഭക്ഷണ ശേഖരണത്തിന് വേണ്ടി അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ ഇറങ്ങുന്നത്. ഈ രണ്ട് ദിനങ്ങള്‍ സ്വന്തം കാര്യങ്ങളെല്ലാം മാറ്റിവെച്ചാണ് ഇവര്‍ സാമൂഹിക സേവന പാതയില്‍ സജീവമാകുന്നത്. ഈ ദിവസങ്ങളില്‍ നൂറില്‍പ്പരം പട്ടിണി പാവങ്ങള്‍ക്കാണ് ഭക്ഷണമെത്തിക്കുന്നത്. തയ്യല്‍ കടയില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം ഈ സംഘത്തിലുണ്ട്.
നെറ്റിലെ സാമൂഹിക കൂട്ടായ്മ വഴി പ്രചാരണം നടത്തിയാണ് ഭക്ഷണം നല്‍കാന്‍ താത്പര്യമുള്ളവരെ കണ്ടെത്തുന്നത്. അത്താഴക്കൂട്ടം പ്രവര്‍ത്തകരെ ഫോണ്‍ നമ്പറില്‍ വിളിച്ച് അറിയിച്ചാല്‍ ഇവര്‍ വീട്ടില്‍ എത്തി ഭക്ഷണം ശേഖരിക്കും. ഇത് കൂടാതെ കല്യാണ മണ്ഡപങ്ങളിലും വിരുന്നുകള്‍ നടക്കുന്ന ഹാളുകളിലും മറ്റും ആവശ്യത്തിലധികം വരുന്ന ഭക്ഷണവും അവിടങ്ങളില്‍ എത്തി ശേഖരിക്കും. ഈ സംഘത്തിന്റെ പ്രവര്‍ത്തന മികവ് കണ്ട് ചിലര്‍ അവരുടെ വിരുന്നുകളോടനുബന്ധിച്ച് ഭക്ഷണം സംഭാവന നല്‍കുന്നുമുണ്ട്. ഇങ്ങനെ ഭക്ഷണമെല്ലാം സ്വന്തം ചെലവില്‍ ബൈക്കുകളില്‍ സഞ്ചരിച്ചാണ് വിതരണം ചെയ്യുന്നത്. കോളനികളിലും റെയില്‍വേ സ്റ്റേഷനുകളിലും തെരുവിലും ചെന്ന് ആവശ്യക്കാരെ കണ്ടെത്തി അത്താഴക്കൂട്ടം ഭക്ഷണമെത്തിക്കുന്നു. സാമൂഹിക സേവന പാതയില്‍ താത്പര്യമുള്ള വളണ്ടിയര്‍മാരെ കണ്ടെത്തുന്നതും സോഷ്യല്‍നെറ്റ് വര്‍ക്ക് വഴി തന്നെ. വാട്‌സ് ആപ്പില്‍ ഗ്രൂപ്പുണ്ടാക്കിയാണ് അത്താഴക്കൂട്ടം പ്രവര്‍ത്തനങ്ങളെ ഏകോപ്പിക്കുന്നത്.
ഒരു ഭാഗത്ത് ഭക്ഷണം അനാവശ്യമായി ധൂര്‍ത്തടിക്കുകയും പാഴാക്കുകയും ചെയ്യുമ്പോള്‍ മറു ഭാഗത്ത് ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ വലയുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ടെന്ന തിരിച്ചറിവാണ് അത്താഴക്കൂട്ടത്തിന്റെ രൂപവത്കരണത്തിന് വഴി തെളിച്ചതെന്ന് വളണ്ടിയറായ ഗുരുവായൂരിലെ കെ എം ശബീര്‍ പറഞ്ഞു.
സംസ്ഥാനത്താകെ അത്താഴക്കൂട്ടത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബീറിനെ കൂടാതെ പി വി സുനില്‍, ഫാറൂഖ് തൊഴിയൂര്‍, അനസ്, ജയകൃഷ്ണന്‍ എന്നിവരാണ് അത്താഴക്കൂട്ടം പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.