കരിപ്പൂരില്‍ മലദ്വാരത്തില്‍ കടത്തിയ ഒരു കിലോ സ്വര്‍ണം പിടികൂടി

Posted on: March 27, 2015 12:55 am | Last updated: March 26, 2015 at 11:56 pm
SHARE

gold barകൊണ്ടോട്ടി: കരിപ്പൂരില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ ഒരു കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. മലപ്പുറം എടക്കര അമ്പലപ്പറ്റ ശിഹാബ്(27) ആണ് സ്വര്‍ണം കടത്തിയത്. ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയില്‍ നിന്ന് എത്തിയ ഇയാളുടെ എട്ട് സ്വര്‍ണ കട്ടികളാണ് കടത്തിയിരുന്നത്. നാട്ടില്‍ ഓട്ടോ െ്രെഡവറായിരുന്ന ശിഹാബ് ഈ മാസം 18 നാണ് ജോലി തേടി ദുബൈയിലേക്ക് പോയത്. ജോലിയൊന്നും തരപ്പെടാതിരുന്നതിനെ തുടര്‍ന്ന് നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴാണ് നാട്ടുകാരനായ സുഹൃത്ത് നൗഫലിനെ കാണുന്നത്. നൗഫല്‍ ശിഹാബിനെ സ്വര്‍ണം കടത്തുന്ന സംഘത്തിനെ പരിചയപ്പെടുത്തുകയും അവര്‍ പറഞ്ഞ തന്ത്ര പ്രകാരമാണ് ശിഹാബ് സ്വര്‍ണം കടത്തിയത്.
കരിപ്പൂരില്‍ എത്തിയാല്‍ വാങ്ങാന്‍ ആള്‍ എത്തുമെന്നും സൗകര്യമുള്ള സ്ഥലത്ത് വെച്ച് ഇത് പുറത്തെടുത്ത് നല്‍കണമെന്നും പ്രതിഫലമായി 20,000 രൂപയും ലഭിക്കുമെന്നും സംഘം ശിഹാബിനെ അറിയിച്ചിരുന്നു.
എമിഗ്രേഷന്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ സംശയം തോന്നിയ ശിഹാബിനെ ഡോര്‍ െ്രെഫം മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണം കടത്ത് കണ്ടെത്തിയത്. വിവാഹിതനായി നാല് വര്‍ഷം കഴിഞ്ഞിട്ടും മക്കളില്ലാത്തതിനെ തുടര്‍ന്ന് ചികിത്സാ ചെലവ് കണ്ടെത്തുന്നതിനാണ് സ്വര്‍ണം കടത്തിയതെന്ന് ശിഹാബ് കസ്റ്റംസിനോട് പറഞ്ഞു.
അസിസ്റ്റന്റ് കമ്മീഷണര്‍ സി പി എം റശീദ് , സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, യു ബാലന്‍, ഇന്റലിജന്റ്‌സ് ഓഫീസര്‍മാരായ അഭിജിത് ഗുപ് ത, കൗസ്തഭ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ ക്കടത്ത് പിടികൂടിയത്.