Connect with us

Kerala

കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് ബലപരീക്ഷണത്തിന് കളമൊരുങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് ബലപരീക്ഷണത്തിന് കളമൊരുങ്ങുന്നു. ഗ്രൂപ്പ് വീതംവെപ്പ് അനുവദിക്കില്ലെന്ന് പ്രസിഡന്റ് വി എം സുധീരന്‍ ആവര്‍ത്തിക്കുമ്പോഴും പരമാവധി ശക്തി സംഭരിക്കാനുള്ള ശ്രമത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍. ബൂത്ത്, മണ്ഡലം തല പുന:സംഘടന പൂര്‍ത്തീകരിച്ച് ബ്ലോക്ക്, ജില്ലാതല പുനസംഘടനാ നടത്താനിരിക്കെ കേരളത്തിലെ തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ വി എം സുധീരന്‍ നടത്തിയ ശ്രമവും വിഫലമായി. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തെ മാത്രം ഒഴിവാക്കി സമാന്തര സംഘടനാ തിരഞ്ഞെടുപ്പ് അനുവദിക്കാനാകില്ലെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. കേരളത്തില്‍ ബൂത്ത്, മണ്ഡലം പുന:സംഘടന പൂര്‍ത്തിയായ സാഹചര്യത്തില്‍ ഈ തലങ്ങളിലെങ്കിലും തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡ് വഴങ്ങിയില്ല. അതേ സമയം, അരുവിക്കര ഉപതിരഞ്ഞെടുപ്പും തുടര്‍ന്ന് നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടി നിശ്ചയിച്ച ഷെഡ്യൂളില്‍ നിന്ന് തിരഞ്ഞെടുപ്പ് മാറ്റാനും ശ്രമം നടക്കുമെന്നുറപ്പ്. ജൂലൈ 31ന് മുമ്പ് പുതിയ കെ പി സി സി പ്രസിഡന്റ് ഭാരവാഹികള്‍, എ ഐ സി സി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കും വിധമാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ തിരഞ്ഞെടുപ്പു സമയക്രമം അനുസരിച്ചു ബൂത്ത് മുതല്‍ പി സി സി വരെ കേരളത്തിലും തിരഞ്ഞെടുപ്പുണ്ടാവും. മെയ് 15 വരെ നടത്തുന്ന അംഗത്വ പ്രചാരണത്തില്‍ പാര്‍ട്ടി അംഗങ്ങളാകുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ വഴി അംഗത്വം സ്വീകരിക്കും. പട്ടികജാതി, വര്‍ഗ, പിന്നാക്ക വനിതകള്‍ക്ക് 55 ശതമാനം സംവരണം ഏര്‍പ്പെടുത്തും.

കേരളത്തില്‍ ഇതിനകം നടന്ന ബൂത്ത്, മണ്ഡലം തിരഞ്ഞെടുപ്പുകള്‍ അസാധുവാകും. മാസങ്ങള്‍ക്ക് മുമ്പ് നടന്ന തിരഞ്ഞെടുപ്പായതിനാല്‍ യോഗം ചേര്‍ന്ന് അതേ ഭാരവാഹികളെ തന്നെ വീണ്ടും തിരഞ്ഞെടുക്കാന്‍ കെ പി സി സി നിര്‍ദേശം നല്‍കുമെന്നും സൂചനയുണ്ട്. എന്നാലും, ബ്ലോക്ക്, ഡി സി സി തിരഞ്ഞെടുപ്പിനുള്ള പ്രതിനിധികളെ ബൂത്ത്, മണ്ഡലം തലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. അതിനാല്‍, താഴെ തട്ടിലെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ല. ഗ്രൂപ്പിസം അനുവദിക്കില്ലെന്ന് വി എം സുധീരന്‍ ആവര്‍ത്തിക്കുമ്പോഴും പ്രബലരായ എ, ഐ വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്കും വീതംവെപ്പിനും തന്നെയാകും സംഘടനാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പ്. കെ പി സി സി നിര്‍വാഹകസമിതി അംഗങ്ങള്‍, ഡി സി സി ഭാരവാഹികള്‍ എന്നിവരുടെ എണ്ണം ഇരുഗ്രൂപ്പുകളും തുല്യമായി വീതിച്ചെടുക്കും.
ബ്ലോക്ക് പ്രസിഡന്റുമാരുടെ കാര്യത്തില്‍ നിലവില്‍ ഏത് ഗ്രൂപ്പാണോ കൈവശം വെക്കുന്നത്, അതേ ഗ്രൂപ്പിനുതന്നെ നല്‍കണമെന്ന നിര്‍ദേശമാണ് ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളത്. നേരത്തേ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു സംഘടനാ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് മേല്‍ക്കൈ ചൂണ്ടിക്കാട്ടി ആ അനുപാതത്തില്‍ വേണം ഡി സിസി, ബ്ലോക്ക് പ്രസിഡന്റുമാരുടെ സ്ഥാനങ്ങള്‍ വീതം വെക്കണമെന്ന ആവശ്യം എ ഗ്രൂപ്പിനുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡി സി സി ഭാരവാഹികള്‍, കെ പി സി സി നിര്‍വാഹകസമിതി അംഗങ്ങള്‍ എന്നിവരുടെ പട്ടികയില്‍ പരമാവധി സ്വാധീനം ഉറപ്പിക്കാന്‍ ഗ്രൂപ്പുകള്‍ക്കുള്ളിലെ നേതാക്കളും പിടിവലി തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പുകളില്‍നിന്ന് അകന്നുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ വീതംവെക്കുന്നതിലുള്ള അതൃപ്തി നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കഴിവുറ്റ നേതാക്കള്‍ ഗ്രൂപ്പ് വീതംവെപ്പില്‍ സ്ഥാനംലഭിക്കാതെ തഴയപ്പെടുന്ന സാഹചര്യമുണ്ടെന്നും ഇത് ഒഴിവാക്കണമെന്നുമാണ് ഗ്രൂപ്പുകളില്‍പ്പെടാത്ത നേതാക്കളുടെ ആവശ്യം.
കെ പി സി സി പ്രസിഡന്റ് പദത്തില്‍ വി എം സുധീരന്‍ തുടരട്ടെയെന്ന നിലപാട് ഹൈക്കമാന്‍ഡില്‍ നിന്നുണ്ടായില്ലെങ്കില്‍ അദ്ദേഹത്തെ മാറ്റുമെന്ന കാര്യവും ഉറപ്പാണ്. ഇക്കാര്യത്തില്‍ ഇരു ഗ്രൂപ്പുകളും ഒന്നിച്ച് നില്‍ക്കും.