സി എ ജി റിപ്പോര്‍ട്ട് വന്നിട്ടും തന്നെ വേട്ടയാടുന്നു: ഖേംക

Posted on: March 27, 2015 5:51 am | Last updated: March 26, 2015 at 11:53 pm
SHARE

ന്യൂഡല്‍ഹി: വദ്ര- ഡി എല്‍ എഫ് ഭൂമി ലൈസന്‍സ് ഇടപാടില്‍ തന്റെ നടപടികള്‍ ശരിവെക്കുന്ന സി എ ജി റിപ്പോര്‍ട്ട് വന്നിട്ടും വേട്ടയാടുന്നത് തുടരുകയാണെന്ന് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംക. തനിക്കെതിരായ കുറ്റപത്രം നിലനില്‍ക്കുകയാണ്. തെറ്റു ചെയ്തവരാണ് തനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്. രാഷ്ട്രീയത്തിലെ അഴിമതി വ്യാപനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഹരിയാനയില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് റോബര്‍ട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡും ഡി എല്‍ എല്‍ എഫും തമ്മിലുള്ള ഭൂമിയിടപാട് ഖേംക റദ്ദാക്കിയത്. സോണിയാ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദ്രയുടെ ഇടപാട് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതോടെ ഖേംക വാര്‍ത്തകളില്‍ നിറഞ്ഞു. മറ്റു ചില ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ഖേംകക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചട്ടങ്ങള്‍ പാലിച്ചാണ് ഡി എല്‍ എഫ് ഇടപാടെന്ന് ഹൂഡ സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു. വദ്രക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ തണലൊരുക്കുകയാണെന്ന് ഖേംക ആരോപിച്ചിരുന്നു.
ഹരിയാന നഗരാസൂത്രണ വകുപ്പിന്റെ 2013- 14 വര്‍ഷത്തേക്കുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് സി എ ജി കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്ത് വെച്ചിരുന്നു. ഗുരതരമായ ക്രമക്കേടുകളാണ് സി എ ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.