Connect with us

National

സിവില്‍ സര്‍വീസ് ഫലം വൈകാന്‍ സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി: ജാട്ട് വിഭാഗത്തിന് ഒ ബി സി സംവരണം നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം വൈകിയേക്കും. ജാട്ട് സംവരണ വിധി നടപ്പാക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ യു പി എസ് സി അധികൃതര്‍ക്ക് കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണ് 2014-15 വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം വൈകുമെന്ന് ആശങ്കയുയര്‍ന്നത്. ഇക്കാര്യത്തില്‍ യു പി എസ് സി, കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. ജാട്ട് നേതാക്കളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സുപ്രീം കോടതി വിധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആരായണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പരമോന്നത കോടതിയുടെ വിധി പഠിച്ചു വരികയാണെന്നും നിയമത്തിന്റെ പരിധിയില്‍ നിന്ന് ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തുമെന്നും ജാട്ട് സംഘത്തിന് മോദി ഉറപ്പ് നല്‍കി. സുപ്രീം കോടതി വിധി അനുസരിച്ച് സിവില്‍ സര്‍വീസ് പരീക്ഷ അടക്കമുള്ളവയില്‍ മുന്‍ഗണനാ പട്ടിക ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അറിയുന്നത്. അതിന്റെ ഭാഗമാണത്രേ ഫലം പ്രഖ്യാപിക്കാന്‍ യു പി എസ് സി സമയമെടുക്കുന്നത്. ഹരിയാനയിലെ ബി ജെ പി സര്‍ക്കാര്‍ ജാട്ടുകള്‍ക്ക് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

Latest