ഛത്തീസ്ഗഢ് സഭയില്‍ ബഹളം; 29 കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: March 27, 2015 5:35 am | Last updated: March 26, 2015 at 11:35 pm
SHARE

റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭയില്‍ നിന്ന് 29 കോണ്‍ഗ്രസ് എം എല്‍ എമാരെ സസ്‌പെന്‍ഡ് ചെയ്തു. സിവില്‍ സപ്ലൈസ് വകുപ്പില്‍ നടന്ന കോടികളുടെ അഴിമതി സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ നിയമസഭാ സടപടികള്‍ തടസ്സപ്പെടുത്തുകയായിരുന്നു.
സിവില്‍ സപ്ലൈസ് വകുപ്പിലെ കോടികളുടെ അഴിമതിയില്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ഗുണഭോക്താക്കളാണെന്ന് ബുധനാഴ്ച കോണ്‍ഗ്രസ് വക്താവ് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചതിനെ ഏറ്റുപിടിച്ചാണ് എം എല്‍ എമാര്‍ നിയമസഭയില്‍ ബഹളം തുടങ്ങിയത്. അഴിമതിയാരോപണം സി ബി ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗല്‍ ആവശ്യപ്പെട്ടു. ബഹളം കാരണം രണ്ട് തവണ സഭ നിര്‍ത്തിവെക്കേണ്ടി വന്നു.
രണ്ടാം തവണ സമ്മേളിച്ചപ്പോഴും സഭയില്‍ ബഹളമായിരുന്നു. ഇതേ തുടര്‍ന്ന് നിയമസഭാ ചട്ടങ്ങള്‍ അനുസരിച്ച് നടപടികള്‍ തടസ്സപ്പെടുത്തിയ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുന്നതായി സ്പീക്കര്‍ ഗൗരീശങ്കര്‍ അഗര്‍വാള്‍ പ്രഖ്യാപിക്കുകയായിരുന്നു.