Connect with us

National

വികാസ് സ്വരൂപ് അടുത്ത വിദേശകാര്യ വക്താവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഓസ്‌കര്‍ അവാര്‍ഡ് നേടിയ ചലച്ചിത്രം സ്ലംഡോഗ് മില്യനറിലേക്ക് നയിച്ച നോവലിന്റെ രചയിതാവ് വികാസ് സ്വരൂപിനെ അടുത്ത വിദേശകാര്യ വക്താവായി നിയമിക്കും. നിലവിലെ വക്താവ് സയ്യിദ് അക്ബറുദ്ദീന് പകരം ഏപ്രില്‍ 18ന് വികാസ് സ്വരൂപ് സ്ഥാനം ഏറ്റെടുക്കും. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച ഇറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്പ്- കാനഡ പര്യടനത്തിന് ശേഷമായിരിക്കും സ്വരൂപ് ചുമതലയേല്‍ക്കുക.
1985 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനായ അക്ബറുദ്ദീന്‍, പശ്ചിമേഷ്യ വിഷയങ്ങളില്‍ ഇന്ത്യയിലെ വിദഗ്ധനാണ്. പശ്ചിമേഷ്യന്‍ മേഖലയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2000 മുതല്‍ 2004 വരെ ജിദ്ദയില്‍ കോണ്‍സല്‍ ജനറല്‍ ആയിരുന്നു. 2004- 2005 കാലയളവില്‍ മന്ത്രാലയത്തിലെ വിദേശകാര്യ സെക്രട്ടറിയുടെ ഓഫീസിന്റെ ഡയറക്ടറായിരുന്നു. ആണവസംബന്ധിയായ വിഷയങ്ങളിലും അഗ്രഗണ്യനാണ്. നാല് വര്‍ഷത്തോളം വിയന്നയിലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചു. വിവിധ രാഷ്ട്രങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷം 2011ലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ആ വര്‍ഷം ഡിസംബര്‍ ഏഴിന് വിദേശകാര്യ വക്താവായി നിയമിതനായി.
1986 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനായ സ്വരൂപ് അലഹബാദില്‍ അഭിഭാഷക കുടുംബത്തിലാണ് ജനിച്ചത്. അലഹബാദ് യൂനിവേഴ്‌സിറ്റിയില്‍ സൈക്കോളജി, ചരിത്രം, ഫിലോസഫി തുടങ്ങിയവ പഠിച്ചു. “ക്യു ആന്‍ഡ് എ” എന്ന ആദ്യ നോവലില്‍ തന്നെ ആഗോള പ്രശസ്തി നേടിയയാളാണ് സ്വരൂപ്. 43 ഭാഷകിളിലേക്ക് മൊഴിമാറ്റം നടത്തിയ നോവല്‍ അന്താരാഷ്ട്രതലത്തില്‍ പെട്ടെന്ന് വിറ്റഴിക്കപ്പെട്ടു. ഇത് പിന്നീട് സ്ലംഡോഗ് മില്യനര്‍ എന്ന ഹോളിവുഡ് സിനിമയാക്കി. 2009 ജനുവരിയില്‍ പുറത്തിറങ്ങിയ സിനിമ, പത്തില്‍ എട്ട് ഓസ്‌കാറുകളും വാരിക്കൂട്ടി. സ്വരൂപിന്റെ പിന്നീടിറങ്ങിയ സിക്‌സ് സസ്‌പെക്ട്‌സ്, ദ ആക്‌സിഡന്റല്‍ അപ്രന്റൈസ് എന്നിവയും ഏറെ ശ്രദ്ധ നേടിയിരുന്നു.

Latest