സംയുക്ത സമ്മേളനത്തിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാര്‍

Posted on: March 27, 2015 5:26 am | Last updated: March 26, 2015 at 11:26 pm
SHARE

ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്‍ പാസ്സാക്കാന്‍ പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനമെന്ന സാധ്യതയെ നിഷേധിക്കുന്നില്ലെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ച ആദ്യ ഘട്ട ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസ്സാക്കാനായിരുന്നില്ല.
ബില്‍ പാസ്സാക്കുന്നതിന് സംയുക്ത സമ്മേളനമെന്ന സാധ്യത ആരായുമോയെന്ന ചോദ്യത്തിന് നായിഡു ഇങ്ങനെ മറുപടി നല്‍കി. ‘തീര്‍ച്ചയായും. ഭരണഘടനയില്‍ സംയുക്ത സമ്മേളനത്തിന് വകുപ്പുണ്ട്. പക്ഷെ എല്ലാറ്റിനും മുമ്പ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കേണ്ടതുണ്ട്. പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ തീര്‍ക്കാന്‍ സന്നദ്ധമാണ്. അത് ഫലവത്തായില്ലെങ്കില്‍ സംയുക്ത സമ്മേളനം വിളിക്കും. ഒമ്പത് ഭേദഗതികള്‍ കൊണ്ടുവന്നതിന് ശേഷവും ആശങ്കകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. അവ പരിഹരിക്കാന്‍ മോദി സന്നദ്ധനാണ്. ഔപചാരികതക്ക് വേണ്ടിയാണെങ്കില്‍ ഇപ്പോള്‍ തന്നെ ചെയ്യാം. എന്നാല്‍, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി, ഗ്രാമവികസന മന്ത്രി, ഉപരിതല ഗതാഗത മന്ത്രി തുടങ്ങിയവര്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും വിശദ ചര്‍ച്ച ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. നായിഡു പറഞ്ഞു.
ബില്ലിനെ സംബന്ധിച്ച് ലോക്‌സഭയില്‍ ചര്‍ച്ച വന്നപ്പോള്‍ മോദി വിദേശത്തായിരുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി. ആവശ്യമുള്ളപ്പോള്‍ മോദി ഇവിടെയുണ്ടാകും. പാര്‍ലിമെന്റില്‍ ഈ വിഷയത്തില്‍ മോദി പ്രസംഗിച്ചിട്ടുണ്ട്. ഇത് നിയമമാക്കുന്നതോടെ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുമെന്ന് പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തി. നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യത്തോട് യോജിക്കുന്ന പ്രകൃത്യാ പ്രായോഗികമായ അര്‍ഥപൂര്‍ണമായ നിര്‍ദേശങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്ന് മാറ്റങ്ങള്‍ക്ക് തയ്യാറാണോയെന്ന ചോദ്യത്തിന് മറുപടിയായി നായിഡു പറഞ്ഞു. എന്‍ ഡി എ സര്‍ക്കാര്‍ അധികാരമേറ്റയുടനെ, അന്നത്തെ ഗ്രാമവികസന മന്ത്രി നിതിന്‍ ഗാഡ്കരി മുഴുവന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലവന്‍മാരുടെ യോഗം വിളിച്ചു. അവരില്‍ 28 പേരും ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ മാറ്റം വേണമെന്ന് നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അതിലെ ആശങ്കകള്‍ ബോധ്യപ്പെട്ടപ്പോഴാണ് ലോക്‌സഭയില്‍ ഒമ്പത് ഭേദഗതികളോടെ ബില്‍ അവതരിപ്പിച്ചതെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.