ഉജ്ജ്വല്‍ നിഗമിന്റെ വെളിപ്പെടുത്തല്‍

Posted on: March 27, 2015 6:00 am | Last updated: March 26, 2015 at 11:24 pm
SHARE

SIRAJ.......മുംബൈ ഭീകരാക്രമണക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗമിന്റെ വെളിപ്പെടുത്തല്‍ ഈയിടെ മാധ്യമങ്ങളില്‍ വന്നു. കേസിലെ മുഖ്യപ്രതി അജ്മല്‍ കസബ് ബിരിയാണിക്കായി ശാഠ്യം പിടിച്ചുവെന്ന വാര്‍ത്ത താന്‍ കെട്ടിച്ചമച്ചതാണെന്നും കസബ് അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ജയ്പൂരിലെ തീവ്രവാദവിരുദ്ധ കോണ്‍ഫറന്‍സിനിടെ അദ്ദേഹം വെളിപ്പെടുത്തിയത്. വിചാരണ വേളയില്‍ കസബിന് അനുകൂലമായി വൈകാരിക തരംഗം ഉണ്ടാകുമെന്നായപ്പോള്‍ അതിനെ പ്രതിേരാധിക്കാനാണത്രെ ഇങ്ങനെ ഒരു കഥ മെനഞ്ഞുണ്ടാക്കിയത്. കസബിന്റെ ഓരോ ചലനങ്ങളും മാധ്യമങ്ങള്‍ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം കോടതി മുറിയില്‍ കസബ് വിതുമ്പിക്കരഞ്ഞു. സഹോദരിയെക്കുറിച്ചോര്‍ത്താണ് കരഞ്ഞതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇത് പ്രേക്ഷകരില്‍ അദ്ദേഹത്തോട് അനുകമ്പ സൃഷ്ടിച്ചു. കസബ് തീവ്രവാദിയാണോ അല്ലയോ എന്നവര്‍ ചോദിച്ചുതുടങ്ങി. ഈ വൈകാരിക തരംഗത്തിന് തടയിടാനാണ് കസബിന് ഭക്ഷണത്തോട് ആര്‍ത്തിയാണെന്ന കഥ കെട്ടിച്ചമച്ചത്. തന്റെ തന്ത്രം ഫലിച്ചെന്നും ഈ കെട്ടുകഥ പുറത്തുവന്നതോടെ മാധ്യമങ്ങളുടെ ചര്‍ച്ച ഇതേക്കുറിച്ചായെന്നും അദ്ദേഹം പറയുന്നു. 2008 നവംബര്‍ 26ന് നടന്ന മുംബൈ ആക്രമണത്തിനിടെ പിടിയിലായ കസബിനെ 2012 നവംബറില്‍ തൂക്കിലേറ്റുകയായിരുന്നു.
ഒരു കൗതുക വാര്‍ത്ത എന്നതിലുപരി മാധ്യമങ്ങള്‍ ഈ വെളിപ്പെടുത്തലിന് വലിയ പ്രാധാന്യം നല്‍കിയതായി കണ്ടില്ല. ഇതിന്റെ മാനുഷികവും ധാര്‍മികവുമായ വശങ്ങളെ വിശകലനം ചെയ്യാന്‍ ആരും താത്പര്യം കാണിച്ചതുമില്ല. ആടിനെ പട്ടിയും പിന്നെ അതിനെ പേപ്പട്ടിയുമാക്കി ചിത്രീകരിച്ചു തല്ലിക്കൊല്ലുന്ന കുടിലന്‍ തന്ത്രമാണ് നിഗം അവിടെ പ്രയോഗിച്ചത്. മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനും കുറ്റവാളിയുമെന്ന് കോടതി കണ്ടെത്തിയെങ്കിലും ഒരു മനുഷ്യനാണ് കസബ്. അയാളോട് പെരുമാറ്റത്തിലും അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുസമൂഹത്തിന് മുമ്പില്‍ വെക്കുമ്പോഴും ആ വശം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കുറ്റവാളിയെന്ന് കരുതുന്ന ഒരു വ്യക്തിയോട് സമൂഹത്തില്‍ സഹതാപവും അനുകമ്പയും ഉടലെടുക്കുന്നുവെങ്കില്‍ അതിനെ പ്രതിരോധിക്കേണ്ടത്, അയാളെക്കുറിച്ചു കള്ളക്കഥകള്‍ കെട്ടിച്ചമച്ചു കൊണ്ടല്ല. എതിര്‍ കക്ഷി, കുറ്റവാളിയെങ്കില്‍ അത് കോടതിയില്‍ ബോധ്യപ്പെടുത്തി ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലാതെ, അയാളോട് സമൂഹത്തിനുണ്ടാകുന്ന സഹതാപമോ വിരോധമോ ഉണ്ടാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യേണ്ടത് ഒരു പബ്ലിക് പ്രോസിക്യുട്ടറുടെ ചുമതലയല്ല. വളഞ്ഞ മാര്‍ഗത്തിലൂടെയാകുമ്പോള്‍ അധാര്‍മികവും മനുഷ്യത്വ വിരുദ്ധവുമാണ്. അപകീര്‍ത്തികരമാകുമ്പോള്‍ വ്യക്തിഹത്യയാണ്.
മഅ്ദനിയെ ഭീകരവാദിയാക്കാന്‍ ബംഗളുരു പോലീസ് കള്ളക്കഥ കെട്ടിച്ചമച്ച സംഭവമുണ്ടല്ലോ. നേരത്തെ മഅ്ദനി താമസിച്ച കലൂരിലെ ജോസ് വര്‍ഗീസിനു മുമ്പാകെ കണ്ണു മാത്രം പുറമെ കാണാവുന്ന വിധത്തില്‍ കറുത്ത മുഖംമൂടി ധരിച്ച ഒരാളുമായി പോലീസ്്യുഎത്തി. കുടെയുള്ളയാള്‍ ലശ്കറെ ത്വയ്യിബ കമാന്‍ഡര്‍ തടിയന്റവിട നസീറാണെന്നും ജോസ് വര്‍ഗീസിന്റെ വീട്ടില്‍ തെളിവെടുപ്പിനു വന്നതാണെന്നും അവകാശപ്പെട്ട പോലീസ് സ്ഥലപരിശോധന നടന്ന കാര്യം ഒപ്പിട്ടു തരണമെന്ന് ആവശ്യപ്പെട്ട് കന്നഡയില്‍ എഴുതി തയാറാക്കിയ ഒരു ഷീറ്റില്‍ ജോസിനെക്കൊണ്ട് ഒപ്പിടുവിച്ചു. തടിയന്റവിട നസീറും അബ്ദുന്നാസിര്‍ മഅ്ദനിയും തന്റെ വാടകവീട്ടില്‍ ഗൂഢാലോന നടത്തിയതിന് സാക്ഷി പറയാന്‍ തയാറാണെന്ന സമ്മതപത്രമായിരുന്നു ഈ കടലാസെന്ന വിവരം ജോസ് വര്‍ഗീസ് പിന്നീടാണ് അറിയുന്നത്്. താമസിയാതെ അദ്ദേഹം ദേശീയ കുറ്റാന്വേഷണ ഏജന്‍സിയില്‍ പരാതി നല്‍കുകയും മാധ്യമ പ്രവര്‍ത്തകയായ കെ കെ ഷാഹിനയോട് സത്യം വെളിപ്പെടുത്തുകയും ചെയ്തപ്പോഴാണ് പോലീസിന്റെ വഞ്ചന പുറത്തറിയുന്നത്.
നീതിന്യായ മേഖലയില്‍ നിന്നു വരുന്ന വാര്‍ത്തകളൊക്കെ പൊതുസമൂഹം വിശ്വസിക്കുമെന്ന വിലയിരുത്തലില്‍, പബ്ലിക് പ്രോസിക്യുട്ടര്‍ കസബിനെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജം പ്രചരിപ്പിച്ചത് നീതിന്യായ വ്യവസ്ഥക്ക് തന്നെ കളങ്കമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തീവ്രവാദത്തെയും തീവ്രവാദികളെയും കുറിച്ചു പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളൊക്കെ ഇനി എങ്ങനെ ഉള്‍ക്കൊള്ളാനാകും? അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അതിര്‍ത്തി കൈയേറ്റങ്ങളും വെടിവെപ്പുകളും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രചരിപ്പക്കപ്പെടുന്ന കള്ളക്കഥകളല്ലെന്ന് എങ്ങനെ വിശ്വസിക്കും? കുറ്റവാളികളുടെ കാര്യത്തിലും സത്യവും നീതിയും മുറുകെ പിടിക്കാന്‍ ബാധ്യസ്ഥരാണ് അഭിഭാഷക ലോകം. ഭീകരതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുനരാലോചന കൂടാതെ വിഴുങ്ങുന്ന മാധ്യമലോകത്തിന് ഈ വെളിപ്പെടുത്തല്‍ പുനര്‍വിചിന്തനത്തിന് അവസരമൊരുക്കേണ്ടതാണ്.