Connect with us

Gulf

ദുബൈ എണ്ണയിതര വ്യാപാരം; ഇന്ത്യ രണ്ടാം സ്ഥാനത്ത്

Published

|

Last Updated

ദുബൈ: ദുബൈയുമായുള്ള എണ്ണയിതര വ്യാപാരത്തില്‍ ചൈന ഒന്നാം സ്ഥാനത്ത്. ഇന്ത്യയ്ക്കു രണ്ടാംസ്ഥാനം. 10,900 കോടി ദിര്‍ഹത്തിന്റെ ഇടപാടാണു കഴിഞ്ഞവര്‍ഷം നടന്നത്. 17,500 കോടി ദിര്‍ഹവുമായി ചൈന മുന്നിലെത്തി. യുഎസ് (8300 കോടി ദിര്‍ഹം) മൂന്നാം സ്ഥാനത്തും സൗദി അറേബ്യ (5200 കോടി ദിര്‍ഹം) നാലാം സ്ഥാനത്തും നില്‍ക്കുന്നു. അറബ് ലോകത്ത് സൗദിയാണ് ഏറ്റവും വലിയ വ്യാപാരപങ്കാളി.
ദുബൈയിയുടെ എണ്ണയിതര വ്യാപാരം കഴിഞ്ഞവര്‍ഷം 1. 331 ലക്ഷം കോടി ദിര്‍ഹമായി ഉയര്‍ന്നു. 2013ല്‍ ഇത് 1. 329 ലക്ഷം കോടിയായിരുന്നു. കഴിഞ്ഞവര്‍ഷം 84,500 കോടി ദിര്‍ഹത്തിന്റെ ഇറക്കുമതിയും 11,400 കോടി ദിര്‍ഹത്തിന്റെ കയറ്റുമതിയും 37,200 കോടി ദിര്‍ഹത്തിന്റെ പുനര്‍കയറ്റുമതിയും നടന്നു. നേരിട്ട് 81,880 കോടി ദിര്‍ഹത്തിന്റെ ഇടപാടു നടന്നപ്പോള്‍ ഫ്രീസോണുകള്‍ വഴി 48,870 കോടി ദിര്‍ഹത്തിന്റെ ഇടപാടു നടന്നതായി ദുബൈ കസ്റ്റംസ് അറിയിച്ചു.
വിവിധ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധത്തിലെ വളര്‍ച്ചാശതമാനം ഇരട്ടയക്കത്തിലെത്തി. ചൈന, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ ക്രമാനുഗത വളര്‍ച്ച രേഖപ്പെടുത്തുന്നു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളുമായി ദുബൈക്കുള്ള വ്യാപാരബന്ധത്തിലും കുതിപ്പു തുടരുകയാണ്. മികച്ച തുറമുഖങ്ങള്‍, വിശാലമായ തീരദേശമേഖല, ഫ്രീസോണുകള്‍, സുതാര്യമായ കസ്റ്റംസ് നടപടിക്രമങ്ങള്‍, വിവിധ ഭൂഖണ്ഡങ്ങളിലേക്ക് എളുപ്പത്തില്‍ പോകാനുള്ള സൗകര്യം എന്നിവ ദുബൈയിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
സുതാര്യതയും വൈവിധ്യവല്‍കരണ നടപടികളുമാണ് ഈ നേട്ടത്തിനു വഴിയൊരുക്കിയതെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ഐ ടി മേഖലയിലടക്കം ലോകത്തെ ശ്രദ്ധാകേന്ദ്രമാകാന്‍ കഴിഞ്ഞു. സ്മാര്‍ട് ഗവണ്‍മെന്റ് എന്ന ലക്ഷ്യം ബഹുമുഖ പദ്ധതികളിലൂടെ യാഥാര്‍ഥ്യമാക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ദുബൈയിയുടെ സമ്പദ്ഘടനയുടെ വിശ്വാസ്യതയാണ് വ്യാപാര-നിക്ഷേപരംഗത്തെ വളര്‍ച്ചയില്‍ കാണാനാകുകയെന്ന് ഡിപി വേള്‍ഡ് ചെയര്‍മാനും പോര്‍ട്‌സ്, കസ്റ്റംസ് ഫ്രീസോണ്‍ കോര്‍പറേഷന്‍ ചെയര്‍മാനുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈം പറഞ്ഞു.

 

Latest