സ്വപ്നം കണ്ടുറങ്ങുന്നതിന്‌

Posted on: March 26, 2015 9:02 pm | Last updated: March 26, 2015 at 9:02 pm
SHARE

sleep-disorders-in-childrenഉറക്കം ഏവര്‍ക്കും അനിവാര്യം. കുറഞ്ഞത് എട്ടുമണിക്കൂര്‍ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അനുശാസിക്കുന്നത്. മാനസികവും ശാരീരികവുമായ ദൃഡതക്ക് മതിയായ ഉറക്കം അത്യാവശ്യമാണെന്ന് ഏവര്‍ക്കും അറിയാമെങ്കിലും യു എ ഇയില്‍ ബാച്ചിലര്‍മാര്‍ക്കിടയില്‍ ഉറക്കം തീരെ കുറവാണ്. മിക്ക ബാച്ചിലര്‍ മുറികളിലും വൈ ഫൈ മുഖേന ഇടതടവില്ലാത്ത ഇന്റര്‍നെറ്റ് എത്തിയതോടെ പുലര്‍ച്ചെവരെ ഉണര്‍ന്നിരുന്ന് ഇന്റര്‍നെറ്റില്‍ അഭിരമിച്ച്, ഒന്നോ രണ്ടോ മണിക്കൂര്‍ ഉറങ്ങിയെന്ന് വരുത്തി ജോലിക്കുപോകുന്നവരാണ് ബഹു ഭൂരിപക്ഷം. ഫുട്‌ബോള്‍ ഭ്രാന്തുള്ളവര്‍, ടെലിവിഷന്‍ ചാനലിന്റെ മുന്നിലിരുന്ന് ഉറക്കം കളയുന്നു. സ്പാനിഷ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ മിക്കതും യു എ ഇ സമയം രാത്രി 12നും അതിനു ശേഷവുമാണ്. കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ്- ബാഴ്‌സലോണ മത്സരം തുടങ്ങിയത് 12ന്. തീരുമ്പോള്‍ അര്‍ധരാത്രി കഴിഞ്ഞ് രണ്ട്. ഫുട്‌ബോളിന്റെ കൂടെ ക്രിക്കറ്റ് ആവേശം കൂടി ഉണ്ടെങ്കില്‍, ഇക്കാലത്ത് പുലര്‍ച്ചെ എണീക്കണം. യു എ ഇ സമയം ആറരയോടെ മത്സരം തുടങ്ങും. അതോടെ തീരെ ഉറക്കമില്ലാതാകും.
ലോകത്ത് എല്ലായിടത്തും നിദ്രാഭംഗ പ്രശ്‌നങ്ങളുണ്ട്. ജനസംഖ്യയില്‍ 50 ശതമാനത്തിനും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉറക്കം ലഭിക്കാത്ത അവസ്ഥയുണ്ട്. രണ്ടു വര്‍ഷം മുമ്പുള്ള കണക്കാണിത്. ചിലര്‍ക്ക് ‘ഇ എന്‍ ടി’ (ചെവി മൂക്ക് കണ്ണ്) അണുബാധയാകാം. മറ്റു ചിലര്‍ക്ക് അമിത വണ്ണം മൂലമുള്ള തകരാറുകളാകാം. ഇത്, ചികിത്സിച്ചുമാറ്റാവുന്നതാണ്. എന്നാല്‍, മനഃപൂര്‍വം ഉറക്കം വെടിയുന്നതിന് മരുന്നില്ല. അതിന് ജീവിതത്തില്‍ സമയ നിഷ്ഠ പാലിച്ചാല്‍ മാത്രം മതിയെങ്കിലും പലരും അത് മനസ്സിലാക്കുന്നില്ല. ഉറക്കം വരാന്‍ ഗുളികകളില്‍ അഭയം തേടുന്നതും ഏറെക്കുറെ അപകടകരമാണ്. ഉറങ്ങാനുള്ള സാഹചര്യം സ്വയം സൃഷ്ടിക്കുക മാത്രമാണ് പ്രതിവിധി.
ഏതാനും ദിവസം മുമ്പായിരുന്നു ലോക നിദ്രാദിനം. ചില കിടക്ക കമ്പനികള്‍ യു എ ഇയിലും അത് ആഘോഷിച്ചു. എളുപ്പം ഉറക്കത്തിലേക്ക് വഴുതിവീഴാന്‍ തക്ക കിടക്കകള്‍, തലയണകള്‍, കിടക്ക വിരിപ്പുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിങ്ങനെ ഉല്‍പന്നങ്ങളെ വിപണിയില്‍ വ്യാപകമാക്കുന്നതിനാണ് അവര്‍ ശ്രമിച്ചത്. കൂട്ടത്തില്‍, മികച്ച ഉറക്കം ലഭിക്കാന്‍ ഏത് വിധത്തില്‍ കിടക്കണമെന്നും ഏതൊക്കെ തരത്തില്‍ യോഗ പരിശീലിക്കണമെന്നും ക്ലാസുണ്ടായിരുന്നു. പതുപതുത്തത്, ഔഷധ ഗുണമുള്ളത് എന്നിങ്ങനെ കിടക്കകളും കാലോചിതമായി മാറുന്നു. കഴുത്ത് ഒതുങ്ങി നില്‍ക്കാന്‍ തലയണയുടെ ആകൃതിയിലും മാറ്റം വരുന്നു. പക്ഷേ, ഇതൊക്കെ ഉണ്ടായിട്ടും ഉറങ്ങാന്‍ മനസില്ലെങ്കിലോ?