Connect with us

Gulf

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ മോഷണം നടത്തുന്ന സംഘത്തെ പിടികൂടി

Published

|

Last Updated

ഷാര്‍ജ: നിര്‍ത്തിയിട്ട കാറുകളുടെ ചില്ലു തകര്‍ത്ത് അകത്തുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം നടത്തുന്നത് പതിവാക്കിയ രണ്ടംഗ സംഘത്തെ കുറ്റാന്വേഷണ വിഭാഗം പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 20 വാഹനങ്ങളില്‍ സമാന രീതിയില്‍ സംഘം മോഷണം നടത്തിയത് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മോഷണത്തിന് വിധേയമായ വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികളിലൊരാള്‍ ജി സി സി പൗരനും രണ്ടാമന്‍ പാക്കിസ്ഥാനിയുമാണ്. പ്രതികളില്‍ ഒന്നാമന്‍ നേരത്തെ സമാനകേസുകളില്‍ പിടിക്കപ്പെട്ടയാളാണ്. ഇയാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചയാളുമാണ്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട കാറുകളെയാണ് പ്രതികള്‍ മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഷാര്‍ജയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നേരത്തെ ലഭിച്ച സമാന സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതിയില്‍ പലതിലും പ്രതികള്‍, പോലീസ് പിടികൂടിയ രണ്ടംഗ സംഘമാണെന്ന് വ്യക്തമായി. വിവിധ ഭാഗങ്ങളില്‍ 20 കാറുകളുടെ ചില്ലു തകര്‍ത്ത് മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാറിനകത്ത് മൊബൈല്‍ ഫോണ്‍, പണം, വിലപിടിപ്പുള്ള മറ്റു സാധനങ്ങള്‍ എന്നിവ സൂക്ഷിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.