Connect with us

International

ജര്‍മന്‍വിംഗ്‌സ് വിമാനദുരന്തം: പൈലറ്റ് മനപൂര്‍വം ഇടിച്ചിറക്കിയതെന്ന് അന്വേഷകര്‍

Published

|

Last Updated

പാരീസ്: 150 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ജര്‍മന്‍ വിംഗ്‌സ് വിമാനദുരന്തത്തെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റ് ആല്‍പ്‌സ് പര്‍വതത്തില്‍ വിമാനം മനപൂര്‍വം ഇടിച്ചിറക്കിയതാണെന്നതിന്റെ തെളിവുകള്‍ ലഭിച്ചതായി ഫ്രഞ്ച് അന്വേഷണ സംഘം അറിയിച്ചു. വിമാനത്തിന്റെ കോക് പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ നിന്നാണ് ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

വിമാനദുരന്തം നടക്കുമ്പോള്‍ കോപൈലറ്റ് മാത്രമാണ് കോക്പിറ്റിലുണ്ടായിരുന്നത്. ഇതിനിടെ പൈലറ്റ് വിമാനത്തിന്റെ കോക്പിറ്റ് വാതിലില്‍ തട്ടുന്ന ശബ്ദം കോക്പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കോപൈലറ്റ് ഇതിന് മറുപടി നല്‍കുന്നില്ല. ഇതോടെ പൈലറ്റ് വാതിലില്‍ ശക്തമായി തട്ടുന്നതും പിന്നീട് കതക് തുറക്കാന്‍ ശ്രമിക്കുന്നതും സൂചിപ്പിക്കുന്ന ശബ്ദങ്ങളും റെക്കോര്‍ഡറില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

ദുരന്തം നടന്ന സമയത്ത് വിമാനം താഴ്ത്തുന്നതിനുള്ള ബട്ടണ്‍ അമര്‍ത്തിവെച്ചിരിക്കുകയായിരുന്നു. മണിക്കൂറില്‍ 430 മൈല്‍ വേഗതയിലാണ് വിമാനം ആല്‍പ്‌സ് പര്‍വതത്തില്‍ ഇടിച്ചിറങ്ങിയത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് കോപൈലറ്റിന്റെ “ആത്മഹത്യ”യിലേക്കാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നു.

സ്‌പെയിനിലെ ബാര്‍സലോനയില്‍നിന്ന് ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിലേക്കു പറന്ന ജര്‍മന്‍ വിംഗ്‌സ് വിമാനമാണ് ഇൗ മാസം 24ന് ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരയില്‍ കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്.

Latest