പി സി ജോര്‍ജിനെ മാറ്റണമെന്ന് ആവശ്യം; മാണി മുഖ്യമന്ത്രിയെ കണ്ടു

Posted on: March 26, 2015 5:05 pm | Last updated: March 27, 2015 at 9:31 am
SHARE

pc george

തിരുവനന്തപുരം: കെ എം മാണിയും പി സി ജോര്‍ജും തമ്മിലുള്ള ഏറ്റുമുട്ടല്‍ പൊട്ടിത്തെറിയിലേക്ക്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വം ആവശ്യപ്പെട്ടു. ജോര്‍ജും മാണിയും തമ്മിലുള്ള തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു ഡി എഫ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും ജോര്‍ജ് ചര്‍ച്ച നടത്തും. ജോര്‍ജ് ഒഴികെയുള്ള കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ യോഗം ചേര്‍ന്നാണ് ചീഫ് വിപ്പ് പദവിയില്‍ നിന്ന് ജോര്‍ജിനെ നീക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. ഈ യോഗത്തിന് ശേഷം കെ എം മാണിയും പി ജെ ജോസഫും ക്ലിഫ് ഹൗസിലെത്തി പാര്‍ട്ടിയുടെ ആവശ്യം മുഖ്യമന്ത്രിയെ അറിയിച്ചു. യു ഡി എഫ് യോഗത്തില്‍ ജോര്‍ജിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

അതേസമയം, യു ഡി എഫാണ് തന്നെ ചീഫ് വിപ്പ് ആക്കിയതെന്നും മുന്നണി കണ്‍വീനറും മുഖ്യമന്ത്രിയുമാണ് ഇക്കാര്യം ആവശ്യപ്പെടേണ്ടതെന്നും ജോര്‍ജ് പ്രതികരിച്ചു. അതേസമയം, ജോര്‍ജിനെ എല്‍ ഡി എഫിലെടുക്കുന്ന കാര്യം മുന്നണി യോഗം ചര്‍ച്ച ചെയ്യുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതികരിച്ചതും ശ്രദ്ധേയമായി.
കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെ ഘടക കക്ഷി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് യു ഡി എഫ് നേതൃയോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്. ജോര്‍ജിനെ ഒഴിവാക്കി തിരുവനന്തപുരത്തുള്ള മാണിയുടെ വസതിയിലാണ് കേരളാ കോണ്‍ഗ്രസ് എം എല്‍ എമാരുടെ യോഗം ചേര്‍ന്നത്. ജോര്‍ജിനെതിരെ നടപടി വേണമെന്ന് മാണി ഗ്രൂപ്പ് എം എല്‍ എമാര്‍ ശക്തമായി ആവശ്യപ്പെട്ടു. ജോസഫ് ഗ്രൂപ്പിലുള്ളവര്‍ ഈ ആവശ്യം ഉന്നയിച്ചതുമില്ല. ഒടുവില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മാണിയെയും ജോസഫനെയും ചുമതലപ്പെടുത്തി. തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് ജോര്‍ജിനെ മാറ്റാന്‍ ധാരണയായത്. പാര്‍ട്ടി യോഗത്തിനു ശേഷം ഉച്ചയോടെ പാര്‍ട്ടി ചെയര്‍മാന്‍ മാണിയും വര്‍ക്കിംഗ് ചെയര്‍മാന്‍ ജോസഫും ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കണമെന്ന പാര്‍ട്ടിയുടെ നിലപാട് അറിയിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാത്രം നീക്കാനാണ് നീക്കം.
മാണിയെ സ്ഥിരമായി അധിക്ഷേപിക്കുന്ന ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു യോഗത്തില്‍ എം എല്‍ എമാരുടെ പൊതുവികാരം. അതേസമയം, മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മാണി തയ്യാറായില്ല. കൂടിക്കാഴ്ചയിലെ തീരുമാനം വേണ്ട സമയത്ത് അറിയിക്കുമെന്നും ജോര്‍ജുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ മറുപടിയില്ലെന്നും മാണി പറഞ്ഞു. എം എല്‍ എമാരുടെ യോഗം ചേര്‍ന്നതായും മാണി സ്ഥിരീകരിച്ചു. മാണിയുമായി നടത്തിയ കൂടിക്കാഴ്ചയെ സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതികരിച്ചില്ല. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ യു ഡി എഫിനെ അറിയിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയോട് സംസാരിച്ചതായും മാണിയോ ജോസഫോ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ജോര്‍ജിനെതിരെ നടപടിയെടുക്കുന്നതില്‍ യു ഡി എഫിനും ചില ആശങ്കകളുമുണ്ട്. നടപടിക്കു ശേഷമുള്ള ജോര്‍ജിന്റെ പ്രതികരണങ്ങളും രാഷ്ട്രീയനീക്കങ്ങളും മുന്നണിക്ക് പ്രതിസന്ധി സൃഷ്ടിക്കുമോയെന്നതാണ് ആശങ്കക്ക് കാരണം.