യെമനില്‍ സംഘര്‍ഷം രൂക്ഷമാകുന്നു; മലയാളികള്‍ ആശങ്കയില്‍

Posted on: March 26, 2015 10:55 am | Last updated: March 27, 2015 at 12:39 am
SHARE

yemenസന്‍ആ: യെമനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ സഊദി അറേബ്യ വ്യോമാക്രമണവും ആരംഭിച്ചു. സംഘര്‍ഷവും വ്യോമാക്രമണവും രൂക്ഷമായതോടെ ഇവിടെയുള്ള മലയാളികള്‍ ആശങ്കയിലാണ്. യെമന്‍ വിമാനത്താവളത്തിലും ആക്രമണം നടന്നു. ഇതേത്തുടര്‍ന്ന് വ്യോമഗതാഗതവും മുടങ്ങിയിരിക്കുകയാണ്.
സനായിലെ ആശുപത്രികളില്‍ നിരവധിപ്പേര്‍ പരിക്കേറ്റ് എത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യെമനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എംബസിയെ ബന്ധപ്പെടാന്‍ പോലും കഴിയാത്ത സാഹചര്യമാണ് യെമനില്‍ നിലവില്‍.
ആഭ്യന്തര സംഘര്‍ഷം കനത്തതോടെയാണ് സഊദിയും സഖ്യരാജ്യങ്ങളും യെമനില്‍ വ്യോമാക്രമണം ആരംഭിച്ചത്. ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ 10 രാജ്യങ്ങള്‍ സഊദിയോടൊപ്പം വ്യോമാക്രമണത്തിന് ഒപ്പമുണ്ടെന്ന് സഊദിയുടെ യുഎസ് അംബാസഡര്‍ അദെല്‍ അല്‍ജുബൈര്‍ അറിയിച്ചു. വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെയാണ് യെമനില്‍ വിമതര്‍ വിവിധ പ്രദേശങ്ങള്‍ കീഴടക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആരോപണം ഇറാന്‍ നിഷേധിച്ചു.