വികസനവും കരുതലുമായി പാലക്കാട് നഗരസഭ ബജറ്റ്

Posted on: March 26, 2015 10:24 am | Last updated: March 26, 2015 at 10:24 am
SHARE

പാലക്കാട്: വികസനവും കരുതലുമായി പാലക്കാട് നഗരസഭാ യു ഡി എഫ് ഭരണസമിതിയുടെ അഞ്ചാമത് ബജറ്റ് അവതരിപ്പിച്ചു. 81,53,50,994 രൂപ വരവും, 70, 44,86,000 രൂപ ചെലവും 11, 08,64,994 രൂപ നീക്കിയിരിപ്പുമായാണ് വൈസ് ചെയര്‍പേഴ്‌സണ്‍ എം സഹീദ ബജറ്റ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഖരമാലിന്യസംസ്‌ക്കരണ പദ്ധതികള്‍ക്കുമാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. നഗരസ’യുടെ സ്വപ്‌ന പദ്ധതികളായ പാര്‍ടണര്‍ കേരള, അര്‍ബന്‍ 20-20 പദ്ധതികളിലെ മാര്‍ക്കറ്റ് നവീകരണം, മാസ്റ്റര്‍ ഡ്രെയിനേജ്, ഫുട്പാത്ത് നിര്‍മാണം, കുളങ്ങള്‍ വൃത്തിയാക്കല്‍ തുടങ്ങിയവക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതായി വൈസ് ചെയര്‍മാന്‍ അറയിച്ചു. പദ്ധതിക്ക് അംഗീകാരം നല്‍കിയ മന്ത്രി മഞ്ഞളാംകുഴി അലിക്ക് പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിലവിലുള്ളതും പഴകിയതുമായ മാലിന്യം നീക്കം ചെയ്യുന്നതിന് 50 ലക്ഷം രൂപ നീക്കിവെച്ചു. ജി ബി റോഡില്‍ റയില്‍വേ ഗേറ്റിന് സമീപം കാല്‍ നടയാത്രക്കായി നടപ്പാലം സ്ഥാപിക്കുന്നതിനായി 15 ലക്ഷം മാറ്റിവെച്ചു. ഇതിനാവശ്യമായ കൂടുതല്‍ തുക എം പി, എം എല്‍ എ ഫണ്ടിനായി അപേക്ഷിക്കും. നഗര സൗന്ദര്യവത്കരണം, വെയിറ്റിങ് ഷെഡ്ഡുകള്‍, ഫുട്പാത്ത് നിര്‍മാണം എന്നിവ ഈ വര്‍ഷം തന്നെ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചു. ഏറെ കാലത്തെ ആവശ്യമായ വനിതാഹോസ്റ്റല്‍ നിര്‍മാണം എത്രവേഗം നടപ്പാക്കും. ഇതിനായി സാമൂഹ്യക്ഷേമ വകുപ്പിന്റെ ധനസഹായം ലഭിക്കുന്നതിനായി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ തീരുമാനമായി. ഇതിലേക്ക് അഞ്ചുലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. സ്റ്റേഡിയം ബസ്സ്റ്റാന്റിന്റെ രണ്ടാംഘട്ട വികസനത്തിനായി പദ്ധതികള്‍ തയ്യാറാക്കും. ബി ഒ ടി വ്യവസ്ഥയില്‍ ആധുനിക രീതിയില്‍ ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് ലക്ഷം രൂപ വകയരുത്തി. നഗരത്തിലെ പ്രധാന സ്‌കൂളുകള്‍ക്ക് മുന്നില്‍ ബസ്‌ബേ നിര്‍മാണം, സീബ്രാ ലൈന്‍വരക്കല്‍ എന്നിവക്കുള്ള ഫണ്ടിനായി എം പി, എം എല്‍ എയെ ശ്രദ്ധയില്‍പ്പെടുത്തും.150ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭാ ഓഫീസ് കോമ്പൗണ്ടില്‍ രണ്ട് പ്രവേശന കവാടങ്ങള്‍ നിര്‍മിക്കുന്നതിന് 75 ലക്ഷം നീക്കിവെച്ചു. നഗരത്തിലെ പാര്‍ക്കുകള്‍ പൊതുജനപങ്കാളിത്തത്തോടെ നവീകരിക്കും. ഇതിനായി ലഭിച്ച മൂന്നുടെണ്ടറുകളുടെ നടപടികള്‍ പൂര്‍ത്തിയായി. ചെയര്‍മാന്‍ ദുരതാശ്വാസ നിധി പ്രായോഗികമാക്കുന്നതിനായി രണ്ട് ലക്ഷം രൂപ വകയിരുത്തി. ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി സ്റ്റേഡിയത്തിന് മുന്‍വശത്ത് പാര്‍ക്കിങ് കേന്ദ്രം ആരംഭിക്കും. കോട്ടമൈതാനത്തിന് ചുറ്റും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി രണ്ട് ലക്ഷം വകയിരുത്തി. പൂളക്കാടിലെ അറവുശാല സര്‍ക്കാര്‍ അനുവദിച്ച 93 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക രീതിയില്‍ നവീകരിക്കും. കള്ളിക്കാട് ഖബര്‍സ്ഥാന്‍ നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം പൂര്‍ത്തിയായി കഴിഞ്ഞു. രണ്ടാംഘട്ടത്തിനായി 23 ലക്ഷം നീക്കിവെച്ചു. നഗരസഭയുടെ ഖരമാലിന്യസംസ്‌ക്കരണ കേന്ദ്രത്തിന്റെ ഒരുഭാഗം ഉപയോഗിച്ച് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനുള്ള സാധ്യതാ പഠനത്തിനായി രണ്ടുലക്ഷം രൂപ മാറ്റിവെച്ചു. വാര്‍ഡുകളില്‍ വാര്‍ഡുസഭാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി അഞ്ചുലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ബജ്റ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നാരോപിച്ച് ബി ജെ പി അംഗങ്ങള്‍ ഇറങ്ങിപോയെങ്കിലും പിന്നീട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ബജറ്റ് അവതരണ ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടി എ അബ്ദുല്‍അസീസ്, വി എ നാസര്‍, കെ കൃഷ്ണകുമാര്‍, കെ കുമാരി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഭവദാസ് എന്നിവര്‍ സംസാരിച്ചു.