Connect with us

Palakkad

അഞ്ച് എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ശിപാര്‍ശ

Published

|

Last Updated

കൊപ്പം : തൂതപ്പുഴയുടെ വിളയൂര്‍ തോണിക്കടവില്‍ ജില്ലാ പഞ്ചായത്ത് പണിത ചെക്ക്ഡാം നിര്‍മാണത്തില്‍ വന്‍ക്രമക്കേട് ചുണ്ടിക്കാട്ടി സമര്‍പ്പിച്ച പാലക്കാട് വിജിലന്‍സ് ഡി വൈ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ചു എഞ്ചിനീയര്‍മാരെ സസ്‌പെന്റ് ചെയ്യാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു.രണ്ടര കോടി രൂപ ചെലവില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പണിത സ്ഥിരം തടയണയുടെ നിര്‍മാണത്തില്‍ വന്‍ക്രമക്കേടുകള്‍ നടത്തിയതിന് അസി. എഞ്ചിനീയര്‍ പി സി സോമസുന്ദരന്‍, അസി എക്‌സി എഞ്ചിനീയര്‍ എ. കെ വേലായുധന്‍, ഓവര്‍സിയര്‍ കെ മണികണ്ഠന്‍, എക്‌സി എഞ്ചിനീയര്‍ പി എസ ബാബുരാജ്, ചീഫ് എഞ്ചിനീയര്‍ പി ആര്‍ സജികുമാര്‍, പിഡബ്ല്യൂഡി കരാറുകാരന്‍ പി പി ജയപ്രകാശ് എന്നിവരെ ഒന്നു മുതല്‍ ആറു വരെ പ്രതികളാക്കിയാണ് വിജിലന്‍സ് കേസെടുത്തത്.തൂതപ്പുഴയുടെ പുലാമന്തോള്‍ പാലത്തിന് താഴെയായി തോണിക്കടവില്‍ കഴിഞ്ഞ ജനുവരിയിലാണ് ജില്ലാ പഞ്ചായത്ത് ചെക്ക്ഡാം നിര്‍മിച്ചു ഉദ്ഘാടനം നടത്തിയത്. 2010-11ല്‍ നബാര്‍ഡിന്റെ ആര്‍ ഐ ഡി എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തിയാണ് വിളയൂര്‍ ഗ്രാമ പഞ്ചായത്തിലെ തൂതപ്പുഴക്ക് കുറുകെ പുലാമന്തോള്‍ പാലത്തിന് 70 മീറ്റര്‍ താഴെയുള്ള സ്ഥിരം തടയണ.വിളയൂര്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ താഴെയായി 120 മീറ്റര്‍ നീളത്തിലും 1. 75 മീറ്റര്‍ ഉയരത്തിലും കോണ്‍ക്രീറ്റ് ചെക്ക്ഡാം നിര്‍മിച്ച് അഞ്ചു പഞ്ചായത്തുകളില്‍ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുകയെന്നതായിരുന്നു ലക്ഷ്യം. നിര്‍മാണം തുടങ്ങി കുറഞ്ഞ മാസങ്ങള്‍ക്കകം തന്നെ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. പണി പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്തിയതില്‍ പലരും സംശയം ഉയര്‍ത്തിയിരുന്നു. നിര്‍മാണ സമയത്ത് തന്നെ പദ്ധതിയുടെ പ്രവൃത്തിയില്‍ ക്രമക്കേട് ആരോപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഉദ്ഘാടനത്തിന് ശേഷം തടയണയുടെ അരികുഭിത്തി തകരുകയും തടയണയോട് ചേര്‍ന്ന കോണ്‍ക്രീറ്റ് പ്രതലം തകര്‍ന്ന് കമ്പികള്‍ ഒലിച്ചുപോവുകയും ചെയ്തിരുന്നു ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസും ബി ജെ പിയും പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ചും നടത്തിയിരുന്നു. തടയണയുടെ നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ വിജിലന്‍സ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി പി മുഹമ്മദ് എം എല്‍ എയും വിജിലന്‍സിന് പരാതി നല്‍കി. എംഎല്‍എയുടെ പരാതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 31ന് പാലക്കാട് വിജിലന്‍സ് തടയണ പ്രദേശം പരിശോധന നടത്തിയിരുന്നു. മലമ്പുഴ ജലസേചന വിഭാഗം എക്‌സി. എഞ്ചിനീയര്‍ ആര്‍ സഞ്ജീവന്‍, ചീഫ് എഞ്ചിനീയര്‍ പ്രതാപ് രാജ്, അസി എക്‌സി എഞ്ചിനീയര്‍ എസ് എസ് പത്മകുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നിലവാരമില്ലാത്ത സാധന സാമഗ്രികള്‍ ഉപയോഗിച്ചു തടയണ പണിത് കരാറുകാരന് വന്‍ലാഭമുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നായിരുന്നു കണ്ടെത്തല്‍. നിര്‍മാണത്തെ സംബന്ധിച്ച് റിപ്പോര്‍ട്ട് മുകളിലോട്ട് കൈമാറിയിട്ടില്ലെന്നും അന്വോഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് സംഘം കൈമാറിയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു എഞ്ചിനീയര്‍മാരെ സസ്‌പെന്റ് ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം. എന്നാല്‍ നടപടി സ്ഥലം മാറ്റത്തിലേക്ക് ഒതുക്കാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്.
ചെക്ക്ഡാം നിര്‍മാണത്തില്‍ അഞ്ചു ഉദ്യോഗസ്ഥരും കുറ്റകരമായ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നും കരാറുകാരന് അമിത ലാഭമെടുക്കാന്‍ കൂട്ട്‌നിന്നെന്നും വിജിലന്‍സ് കണ്ടെത്തി. 2019 വരെ സര്‍വീസുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തില്ലെങ്കില്‍ സാക്ഷികളെ സ്വാധീനിച്ചു കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നുണ്ട്.

---- facebook comment plugin here -----

Latest