കല്‍പകഞ്ചേരി ഗവ. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും

Posted on: March 26, 2015 10:17 am | Last updated: March 26, 2015 at 10:17 am
SHARE

തിരൂര്‍: പൊതു വിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ അക്കാദമികവും സ്ഥാപനത്തിന്റെ ഭൗതികവുമായ നിലവാരം ഉയര്‍ത്തി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുമെന്ന് കല്‍പകഞ്ചേരി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ സിനിമാ താരം ദിലീപ് സ്‌കൂളിലെത്തും. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പ്രദേശത്തെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് കല്‍പകഞ്ചേരി ജി എല്‍ പി സ്‌കൂള്‍. ആനപ്പടിക്കല്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് വിഷന്‍ 2020 നടപ്പിലാക്കുക. പദ്ധതി നടപ്പാകുന്നതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പതിവ് രീതിക്ക് തിരുത്താവുകയാണ് കല്‍പകഞ്ചേരി സ്‌കൂള്‍.
പി ടി എ, പ്രദേശ വാസികള്‍, ജനപ്രതിനധികള്‍ തുടങ്ങിയവരുടെ പിന്തുണയോടെയാണ് അത്യാധുനിക സൗകര്യങ്ങളൊരുക്കി വിദ്യാലയത്തിന്റെ മുഖച്ഛായ മാറ്റുന്നത്. ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠനം, പഠനത്തോടൊപ്പം തൊഴില്‍ പരിശീലനം, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഡിജിറ്റല്‍ ലാബ്, ലൈബ്രറി, ആധുനിക ശുചിമുറികള്‍, പ്രത്യേക കായിക പരിശീലനങ്ങള്‍, വിവിധ കായിക ഇനങ്ങള്‍ക്കായി പ്രത്യേകം കോര്‍ട്ടുകള്‍, മ്യൂസിക്കല്‍ ഉപകരണങ്ങള്‍, എ സി ക്ലാസ് മുറി തുടങ്ങിയ സംവിധാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഒരുങ്ങുക.
ആകെ 44 പ്രൊജക്ടുകളാണ് പദ്ധതിക്കായി തയ്യാറാക്കിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് വലിയ മുതല്‍ക്കൂട്ടാകുന്നതോടെ ആരോഗ്യ ശുചിത്വ മേഖലയിലും ഉണര്‍വുണ്ടാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
പദ്ധതി ജനകീയമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ ബ്രാന്‍ഡ് അംബാസഡാറായി നടന്‍ ദിലീപ് ചുമതലയേല്‍ക്കുന്ന ചടങ്ങ് ഈ മാസം 30ന് രാവിലെ സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഇ ടി മുഹമ്മദ് ബശീര്‍ എം പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. സി മമ്മൂട്ടി എം എല്‍ എ അധ്യക്ഷത വഹിക്കും.
ആനപ്പടിക്കല്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം ഡോ.സി അന്‍വര്‍ അമീന്‍ ദിലീപിനെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കും. അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ, എം പി അഹമ്മദ് മൂപ്പന്‍, പഞ്ചായത്ത് പ്രസിഡന്റ് എ പി നസീമ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എ പി അബ്ദുസലാം നദീര്‍, പി ലത്തീഫ്, പി സൈതുട്ടി, സുബൈര്‍ കല്ലന്‍, ഹസ്സന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.