പൂജ്യം വായ്പാ പഞ്ചായത്താകാന്‍ ലക്ഷ്യമിട്ട് എടപ്പാള്‍ പഞ്ചായത്ത് ബജറ്റ്

Posted on: March 26, 2015 10:15 am | Last updated: March 26, 2015 at 10:15 am
SHARE

എടപ്പാള്‍: ഭവന പദ്ധതികളിലെ ഭീമമായ വായ്പകള്‍ തിരിച്ചടച്ച് പൂജ്യം വായ്പ പഞ്ചായത്താക്കി എടപ്പാളിനെ മാറ്റുകയെന്ന ലക്ഷ്യവുമായി പത്ത് കോടി ഇരുപത്തിനാല് ലക്ഷം വരവും പത്തൊന്‍പത് ലക്ഷത്തി എണ്‍പത്തിരണ്ടായിരം രൂപയുടെ നീക്കിയിരുപ്പുമായി പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് വി കെ എം ശാഫി അവതരിപ്പിച്ചു.
ഒരു കോടി മൂന്ന് ലക്ഷം രൂപ പ്രാദേശിക റോഡുകളുടെ വികസനത്തിനും രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ സാമൂഹ്യ സുരക്ഷ പെന്‍ഷനുകളുടെ വിതരണത്തിനും നീക്കി വെച്ചു. എല്‍ പി, യു പി വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്ത് തലത്തില്‍ കലാ കായിക മത്സരങ്ങള്‍ നടത്തും. യുവജനങ്ങള്‍ക്ക് കളരിപയറ്റ് പരിശീലനം, നീര ടെക്‌നീഷ്യന്‍ പരീശീലനം എന്നിവ നടപ്പിലാക്കും. പരീക്ഷയില്‍ ആയൂര്‍വ്വേദം ഉള്‍പെടുത്തി ആയൂര്‍രക്ഷ പദ്ധതിയും പാലിയേറ്റീവ് ഡേ കെയറും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ഫിസിയൊ തെറാപ്പി യൂനിറ്റും ആരംഭിക്കും.137 പേര്‍ക്ക് വീട് അറ്റകുറ്റപണിക്കും 90 പേര്‍ക്ക് പുതിയ വീടിനും 98 പേര്‍ക്ക് കിണര്‍ നിര്‍മാണത്തിനും ആനുകുല്യം നല്‍കും. ആശ്രയ പദ്ധതിയില്‍പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ എന്നിവ നല്‍കും.
മുഴുവന്‍ അങ്കണ്‍വാടികളും ടൈല്‍സ് വിരിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്യും. എല്ലാ വാര്‍ഡുകളിലും ‘സേവാഗ്രാമം’ഗ്രാമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ ലഹരി, മാരക രോഗങ്ങള്‍, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവക്കെതിരെയുള്ള ക്യാമ്പയിനുകള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കും. രണ്ട് കോടി രൂപയുടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും. പൊതുജനങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍, നികുതി വിവരങ്ങള്‍, അപേക്ഷയുടെ സ്ഥിതി വിവരങ്ങള്‍ എന്നിവ നേരിട്ടറിയുന്നതിന് ടച്ച് സ്‌ക്രീന്‍ കിയോസ്‌ക് സ്ഥാപിക്കും. പ്രസിഡന്റ് എന്‍ ഷീജ ആധ്യക്ഷത വഹിച്ചു.