Connect with us

Malappuram

വേങ്ങര മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കും

Published

|

Last Updated

വേങ്ങര: നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
വ്യവസായ-ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നിയോജക മണ്ഡലമായ വേങ്ങരയിലെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഊരകം-വേങ്ങര പഞ്ചായത്തുകളിലെ 19 കോടിയുടെ ജലനിധി പദ്ധതിയും പറപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ എട്ട് കോടിയുടെ ജലനിധി പദ്ധതിയും ടെണ്ടര്‍ ചെയ്തു. കണ്ണമംഗലം പഞ്ചായത്തിലെ 10 കോടിയുടെ കുടിവെള്ള പദ്ധതി, 32 കോടിയുടെ നബാര്‍ഡ് സഹായത്താല്‍ നടപ്പിലാക്കുന്ന ഒതുക്കുങ്ങല്‍-പൊന്മള കുടിവെള്ള പദ്ധതി എന്നിവയുടെ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. ഏഴ് കോടി ചെലവില്‍ എആര്‍ നഗര്‍ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി അടുത്ത മാസം പ്രവൃത്തി ആരംഭിക്കും.
എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മുണ്ടോത്ത് പറമ്പ്, വെളിയോട് കുടിവെള്ള പദ്ധതികള്‍ രണ്ടാഴ്ചക്കകം ടെണ്ടര്‍ ചെയ്യും. യോഗത്തില്‍ മന്ത്രിയുടെ പ്രതിനിധിയായി സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എ കെ മുഹമ്മദ് മുസ്തഫ, പേഴ്‌സനല്‍ അസ്സിസ്റ്റന്റ് എന്‍ ഉബൈദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ മമ്മദ് കുട്ടി, പി കെ അസ്‌ലു, കെ പി ഹസീന ഫസല്‍, നെടുമ്പള്ളി സൈതലവി, ടി ടി ആരിഫ, പി പി ഹസ്സന്‍ പങ്കെടുത്തു.