Connect with us

Malappuram

നീര്‍ത്തട സംരക്ഷണത്തിന് വണ്ടൂര്‍ ബ്ലോക്കിന്റെ മാതൃകാ പദ്ധതി

Published

|

Last Updated

മലപ്പുറം: മഴവെള്ളസംഭരണത്തിന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ സംയോജിത നീര്‍ത്തട പദ്ധതിയും “മണ്‍സൂണിനെ വരവേല്‍ക്കാം മഴവെള്ളം സംഭരിക്കാം” പദ്ധതിയും മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ സമിതി യോഗത്തില്‍ പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
യോഗത്തില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സംയോജിത നീര്‍ത്തട പരിപാലന പരിപാടിക്ക് അംഗീകാരം നല്‍കി. വണ്ടൂര്‍, കാളികാവ് ബ്ലോക്കുകളിലായി പോരൂര്‍, പാണ്ടിക്കാട്, കാളികാവ്, തുവ്വൂര്‍ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 873 ലക്ഷം ചെലവില്‍ 5820 ഏക്കറില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കള്‍ 9410 കുടുംബങ്ങളാണ്. എടപ്പുലം, അയനിക്കോട്, പോരൂര്‍, ഒലിപ്പുഴ എന്നിങ്ങനെ നാല് നീര്‍ത്തടങ്ങളാണ് പദ്ധതി പ്രദേശത്തുള്ളത്.
വരള്‍ച്ചയെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം നടപ്പാക്കുന്ന “മണ്‍സൂണിനെ വരവേല്‍ക്കാം മഴവെള്ളം സംഭരിക്കാം” പദ്ധതി ജില്ലയില്‍ സംയോജിത നീര്‍ത്തട പരിപാലന പരിപാടിയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുമായി സംയോജിപ്പിച്ചാണ് നടപ്പാക്കുന്നത്. വണ്ടൂര്‍, അരീക്കോട്, വേങ്ങര, കുറ്റിപ്പുറം, കൊണ്ടോട്ടി ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ബോധവത്കരണത്തിന്റെ ഭാഗമായി ബി ഡി ഒമാരുടെ നേതൃത്വത്തില്‍ പരിശീലന ക്യാമ്പുകള്‍, തെരുവ് നാടകം, പോസ്റ്റര്‍ പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം, കലാജാഥകള്‍, ജലസന്ദര്‍ശനയാത്ര എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കിലെ ആന്‍സിയന്‍ ഇന്‍ഫോടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതിയുടെ മാപ്പിംഗ് തയ്യാറാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീദേവി, ബി ഡി ഒ ജയപ്രകാശ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.