Connect with us

Wayanad

കര്‍ണാടക സെക്രേട്ടറിയറ്റിന് മുന്നിലും ഊട്ടി കലക്ടറേറ്റിന് മുന്നിലും പ്രതിഷേധം ഇരമ്പി

Published

|

Last Updated

ബെംഗളൂരു/ഗൂഡല്ലൂര്‍: ദേശീയപാത 212, ദേശീയപാത 67 എന്നിവ കടന്നുപോവുന്ന കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനം പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്(എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ കര്‍ണാടക സെക്രട്ടേറിയറ്റിന് മുന്‍പില്‍ ധര്‍ണ നടത്തി. ഇക്കാര്യത്തില്‍ കേരള-കര്‍ണാടക സര്‍ക്കാറുകള്‍ ഒരുമിച്ച് ഭരണപരമായ ഒത്തുതൂര്‍പ്പ് ഉണ്ടാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. കേരളത്തിലെയും കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളുടെ യാത്രാവശ്യം പരിഗണിച്ച് ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനങ്ങളും കര്‍ണാടക മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, വനം മന്ത്രി എന്നിവര്‍ക്ക് കേരളാ കോണ്‍ഗ്രസ്(എം)നേതാക്കള്‍ നല്‍കി.
ദേശീയപാതയില്‍ യാത്രാവകാശം നിഷേധിക്കുന്നത് പൗരാവകാശ ലംഘനമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ ചൂണ്ടിക്കാട്ടി. യൂത്ത് ഫ്രണ്ട്(എം) വൈസ് പ്രസിഡന്റ് എം അബ്ദുള്‍സലാം അധ്യക്ഷനായിരുന്നു. ജില്ലാ നേതാക്കളായ ടി എസ് ജോര്‍ജ്, ടി എല്‍ സാബു, യൂത്ത് ഫ്രണ്ട് നേതാക്കളായ ടിജി ചെറുതോട്ടില്‍, ഷിനോയ് മാപ്ലശേരി,ടോം ജോസ്, റെജി ഓലിക്കരോട്ട് പ്രസംഗിച്ചു. വിനോദ് ഫ്രാന്‍സീസ്, ജെയ്‌സണ്‍ ജോര്‍ജ്, ടി എം ഷാജി, അന്‍സില്‍ ജോണ്‍, എന്‍ കെ ഷിബു, ടി കെ റിയാസ്, രോബി ഉറുമ്പട, ജിനേഷ് ഓലിക്കല്‍ സിജോ, പ്രിന്‍സ് ബേബി എന്നിവര്‍ നേതൃത്വം നല്‍കി. ഗൂഡല്ലൂര്‍: ദേശീയ പാത 67ലെയും, 212ലെയും രാത്രിയാത്രാ നിരോധം പിന്‍വലിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍, നീലഗിരി-വയനാട് എന്‍ എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഊട്ടിയില്‍ കലക്ടറേറ്റ് ഉപരോധിച്ചു. ഊട്ടി സെന്‍ട്രല്‍ ബസ്റ്റാന്‍ഡില്‍ നിന്ന് പ്രകടനമായാണ് സമരക്കാര്‍ കലക്‌ടേറ്റിലെത്തിയത്. നൈറ്റ് ട്രാവലിങ് പ്രൊട്ടക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. കെ വിജയന്‍ അധ്യക്ഷതവഹിച്ചു.
ഊട്ടി ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം മുസ്തഫ, നീലഗിരി-വയനാട് എന്‍ എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി എം റഷീദ്, എം സൗന്ധര്‍പാണ്ഡ്യന്‍, മത്തായി, മണിമേഖല, ഗോപാല്‍, ചെറിയാന്‍, നാഗേന്ദ്രന്‍, വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആയിരത്തില്‍പ്പരം പേര്‍ പങ്കെടുത്തു. ആദ്യഘട്ടമായാണ് സമരം നടത്തിയത്. ഊട്ടിയിലെ മുഴുവന്‍ വ്യാപാരികളെയും, തൊഴിലാളികളെയും, വാണിജ്യസംഘടനകളെയും. രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടിപ്പിച്ച് കൊണ്ടാണ് കലക്‌ടേറ്റ് ഉപരോധ സമരം നടത്തിയത്. കര്‍ണാടകയില്‍ രൂപവത്കരിച്ച കര്‍ണാടക-തമിഴ്‌നാട്-കേരള നൈറ്റ് ട്രാവലിങ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പ്രസ്തുത കമ്മിറ്റി തീരുമാനിച്ചിരുന്നു. നീലഗിരി, മൈസൂര്‍, വയനാട് ജില്ലകള്‍ തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ബന്ധമാണ് രാത്രിയാത്രാനിരോധനവുമായി ബന്ധപ്പെട്ട് ഇല്ലാതായിരിക്കുന്നത്. നീലഗിരിയിലെ വിനോദ സഞ്ചാര മേഖലയെ രാത്രിയാത്രാ നിരോധം കാര്യമായി ബാധിച്ചിട്ടുണ്ട്. രാത്രിയാത്രാനിരോധ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധ നിലപാട് അന്തര്‍സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്നതാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സുപ്രീംകോടതിയില്‍ തമിഴ്‌നാട് ഇതുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേരണം, മികച്ച അഭിഭാഷകനെ ഇതിനായി നിയോഗിക്കുകയും വേണം. വയനാട്, നീലഗിരി, മൈസൂര്‍ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടാംഘട്ടം കര്‍ണാടകയുടെ ബസുകള്‍ ഊട്ടിയില്‍ തടയുന്നതുള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആവിഷ്‌കരിക്കും.