Connect with us

Wayanad

പനിബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യധാന്യ വിതരണത്തിന് 34 ലക്ഷം അനുവദിച്ചു: മന്ത്രി

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കുരങ്ങുപനി ബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്യുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഫുഡ് സപ്പോര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 34 ലക്ഷം രൂപ കൂടി അനുവദിച്ചതായി പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.
ഈ തുക വയനാട് ജില്ലാ ഐ.ടി.ഡി.പി. ഓഫീസര്‍ക്ക് കൈമാറിക്കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരുന്ന് വിതരണത്തിന് ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പിന് പത്ത് ലക്ഷം രൂപയും മൃഗസംരക്ഷണ വകുപ്പിന് ഒമ്പത് ലക്ഷം രൂപയും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നേരത്തെ നല്‍കിയിരുന്നു. കൂടാതെ കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നതിന് ബത്തേരി ടി.ഡി.ഒക്കും പണം അനുവദിച്ചിരുന്നു.
ഇതില്‍നിന്ന് അഞ്ചുപേരുടെ കുടുംബങ്ങള്‍ക്ക് ഓരോ ലക്ഷം രൂപ വീതം നല്‍കിക്കഴിഞ്ഞു. ഈ കുടുംബങ്ങള്‍ക്ക് ബാക്കിയുള്ള ഓരോ ലക്ഷം രൂപ വീതം മൂന്ന് ദിവസത്തിനുള്ളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കുരങ്ങുപനി ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന 29 പേര്‍ക്ക് 10,000 രൂപ വീതം നല്‍കിയിട്ടുണ്ട്.
രോഗിയുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണത്തിനും പ്രതിരോധത്തിനുംപുറമെ ദിവസം 200 രൂപ വീതവും നല്‍കിവരുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് പനി ബാധിച്ച് ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ ഇവരുടെ വീടുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇപ്പോള്‍ 34 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുള്ളത്.
കുരങ്ങുപനി ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്ക് രോഗം പകരാതിരിക്കാന്‍ വകുപ്പുകളെ ക്രോഡീകരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.