കുരങ്ങുപനി: കേന്ദ്ര സംഘത്തെ വയനാട്ടിലേക്ക് അയക്കണം: എം പി അച്യുതന്‍ എം പി

Posted on: March 26, 2015 10:07 am | Last updated: March 26, 2015 at 10:07 am
SHARE

കല്‍പ്പറ്റ: കുരങ്ങുപനി മൂലം രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുകയും ഇപ്പോഴും നിരവധി പേര്‍ ചികില്‍സ തേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ വയനാട്ടിലേക്ക് അയയ്ക്കണമെന്ന് എം പി അച്യുതന്‍ എം പി പ്രധാനമന്ത്രിക്ക് കൊടുത്ത കത്തില്‍ ആവശ്യപ്പെട്ടു.
കുരങ്ങുകളില്‍ നിന്നുള്ള ചെള്ളിന്റെ കടിയേറ്റ് ഉണ്ടാവുന്ന ഈ രോഗം ബാധിച്ച് കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് 15 വരെ 11 പേര്‍ മരിച്ചു. ഇതില്‍ ഒന്‍പതും ആദിവാസികളാണ്. സംസ്ഥാന സര്‍ക്കാര്‍ കണക്ക് പ്രകാരം മരണം ഏഴാണ്. ആദിവാസി കോളനികളില്‍ ബോധവല്‍ക്കരണം നടത്തിയ ഒരു ആശാവര്‍ക്കറും ഈ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. എഴുപതോളം പേര്‍ക്ക് ഇതുവരെ കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുണ്ട്. കുരങ്ങുപനി രോഗം സ്ഥിരീകരിക്കുന്നതിനുള്ള വൈറോളജി പരിശോധനാ സൗകര്യം ആദിവാസി ഭൂരിപക്ഷ മേഖലയായ വയനാട്ടിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും ഇല്ല. ഇപ്പോള്‍ കര്‍ണാടകയിലെ മണിപ്പാല്‍ വൈറോളജി ലാബിലേക്ക് രക്തസാമ്പിള്‍ അയച്ചാണ് രോഗ നിര്‍ണയം നടത്തുന്നത്. രോഗം ബാധിച്ച് ആദ്യത്തെ പത്ത് ദിവസം കഴിഞ്ഞാല്‍ രക്തസാമ്പിള്‍ പരിശോധിച്ച് രോഗം നിര്‍ണയിക്കാന്‍ കഴിയില്ല. പരിശോധനാഫലം നെഗറ്റീവായിരിക്കും.
അതിനാല്‍ സംശയം തോന്നുന്ന കേസുകള്‍ അപ്പപ്പോള്‍ പരിശോധനാ വിധേയമാക്കാന്‍ വയനാട്ടില്‍ മൊബൈല്‍ വൈറോളജി ലാബ് സ്ഥാപിക്കണം. നാമമാത്രമായ നഷ്ടപരിഹാരമാണ് കുരങ്ങ് പനി മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ രോഗം ബാധിച്ച് ചികില്‍സ തേടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം 10,000 രൂപ വീതമാണ്.
രോഗബാധിതര്‍ക്ക് തൊഴിലെടുക്കാനുള്ള ആരോഗ്യം വീണ്ടെടുക്കാന്‍ മൂന്നും നാലും മാസം വേണ്ടിവരുന്നു. അതിനാല്‍ ഇക്കാലയളവിലെ കുടുംബ ജീവിതത്തിന് കണക്കാക്കി ചുരുങ്ങിയത് 25,000 രൂപ വീതമെങ്കിലും നല്‍കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷമെങ്കിലും സഹായധനം നല്‍കണം. ഇതിനും കേന്ദ്ര ഫണ്ട് അനുവദിക്കണമെന്ന് എം പി അച്യുതന്‍ എം പി കത്തില്‍ ആവശ്യപ്പെട്ടു.