സേവന മേഖലയില്‍ കൂടുതല്‍ ഫണ്ട് വിനിയോഗിക്കണം: എന്‍ കെ റഷീദ്

Posted on: March 26, 2015 10:04 am | Last updated: March 26, 2015 at 10:04 am
SHARE

കല്‍പ്പറ്റ: ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവന മേഖലകളില്‍ കൂടുതല്‍ ഫണ്ട് വിനിയോഗിച്ച് സാമൂഹികക്ഷേമം ഉറപ്പുവരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് അഭിപ്രായപ്പെട്ടു. മാനന്തവാടി ബ്ലോക്ക് 12-ാം പഞ്ചവത്സര പദ്ധതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് അനുവദനീയമായ ഫണ്ട് കൃത്യമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാലാം വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി കര്‍മ്മ സമിതികള്‍ തയ്യാറാക്കിയ പദ്ധതികള്‍ വിശദീകരിക്കുന്നതിനായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുള്ള പൗരാവകാശ രേഖ, പദ്ധതിയുടെ കരട് രേഖ എന്നിവ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, മാനന്തവാടി ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക് നല്‍കി എന്‍.കെ. റഷീദ് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു അദ്ധ്യക്ഷനായി. സീതാ ബാലചന്ദ്രന്‍ കരട് രേഖ അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബള്‍ക്കീസ് ഉസ്മാന്‍, സെക്രട്ടറി എസ്. ശങ്കര്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ വിജയന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാര്‍ഗ്ഗരറ്റ് തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. ആലി, ബ്ലോക്ക് അംഗങ്ങളായ പ്രഭാകരന്‍, ജയഭാരതി, സണ്ണി ജോസ് ചാലില്‍, പി.ജെ. ചിന്നമ്മ, ടി. മൊയ്തു തുടങ്ങിയവര്‍ പങ്കെടുത്തു.