Connect with us

Wayanad

കോത്തഗിരിയില്‍ കരടിശല്യം വീണ്ടും രൂക്ഷമായി; ഡി എഫ് ഒയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: കോത്തഗിരി മേഖലയില്‍ വീണ്ടും കരടിയുടെ ശല്യം രൂക്ഷമായി. കരടിയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം സ്ത്രീ മരിച്ചിരുന്നു. കോത്തഗിരി തോട്ടമുക്ക് സ്വദേശി മാതി (55) ആണ് മരിച്ചത്. കരടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് കാളന്‍ (60) ഇന്നലെ രാത്രിയോടെ മരിച്ചു. മക്കളായ കുമാര്‍, ദിനകരന്‍ എന്നിവര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന് സമീപത്തെ തേയിലക്കാട്ടില്‍ ചപ്പ് പറിക്കുന്നതിനിടെയാണ് മാതിയെ കരടി ആക്രമിച്ചിരുന്നത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവിനെയും മക്കളെയും കരടി ആക്രമിച്ചിരുന്നത്. അതേസമയം വീട്ടമ്മയെ കൊലപ്പെടുത്തിയ കരടിയെ വനംവകുപ്പ് വെടിവെച്ച് കൊന്നെങ്കിലും ഇവിടെ വേറെയും കരടികളുണ്ടെന്നാണ് പറയപ്പെടുന്നത്. ഡി എഫ് ഒ ആര്‍ ഭദ്രസ്വാമിയുടെ നേതൃത്വത്തില്‍ കോത്തഗിരി, തോട്ടമുക്ക്, അണ്ണാനഗര്‍, എം ജി ആര്‍ നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വനംവകുപ്പ് നിരീക്ഷണം നടത്തിവരുന്നുണ്ട്. പലയിടത്തും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 60 പേരടങ്ങിയ വനപാലക സംഘമാണ് കരടിയെ തേടുന്നത്. കരടിയുടെ കുട്ടികള്‍ ഈ മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ മേഖലയിലെ ജനങ്ങള്‍ ഇപ്പോള്‍ ഭീതിയോടെയാണ് കഴിയുന്നത്. സ്ത്രീകളുള്‍പ്പെടെയുള്ള തോട്ടംതൊഴിലാളികള്‍ ഇപ്പോള്‍ ജോലിക്ക് പോകാന്‍ ഭയക്കുകയാണ്. കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.