റബ്ബര്‍ കര്‍ഷകരുടെ ദുരിതം: സര്‍ക്കാറുകള്‍ രാജിവെക്കണം- പി സി തോമസ്

Posted on: March 26, 2015 9:56 am | Last updated: March 26, 2015 at 9:56 am
SHARE

കോഴിക്കോട്: റബ്ബര്‍ കര്‍ഷകരുടെ ദുരിതത്തിന് നേരെ കണ്ണുതുറക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ രാജിവെച്ച് ഒഴിണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ്. കണ്ണൂരിലെ റബ്ബര്‍ കര്‍ഷകന്‍ കൃഷ്ണന്‍കുട്ടി ജീവനൊടുക്കിയ സംഭവം നടുക്കമുളവാക്കുന്നതാണ്. റബ്ബര്‍ വിലയിടിവ് പരിഹരിച്ച് കര്‍ഷകരെ രക്ഷിക്കാന്‍ അടിയന്തര നടപടികളുണ്ടാകണമെന്നും പി സി തോമസ് പറഞ്ഞു. പാറോപ്പടി പള്ളി പാരിഷ്ഹാളില്‍ മലബാര്‍ മേഖലയിലെ കര്‍ഷക പ്രതിനിധികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റബ്ബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കക്ഷി രാഷ്ട്രീയത്തിനും ജാതിമതചിന്തകള്‍ക്കും അതീതമായ മുന്നേറ്റം അനിവാര്യമാണെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.
റബ്ബര്‍ വിലയിടിവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി വിശദീകരിക്കാനും ഇതുസംബന്ധിച്ച അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനുമായാണ് യോഗം ചേര്‍ന്നത്. എ കെ സി സി, ഇന്‍ഫാം, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം, മലബാര്‍ വികസന മുന്നണി തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍ അധ്യക്ഷത വഹിച്ചു. ബേബി പെരുമാലില്‍, ഒ ഡി തോമസ്, സണ്ണി കൊടുകാപ്പള്ളി, ജയിംസ് കോട്ടൂര്‍, അലക്‌സാണ്ടര്‍ പ്ലാംപറമ്പില്‍, ജോര്‍ജ് പൈകയില്‍, മാത്യൂ പേഴത്തിങ്കല്‍ സംബന്ധിച്ചു.