കള്ളക്കേസ്: ചിട്ടി ഉടമ പോലീസിനെതിരെ കേസ് ഫയല്‍ ചെയ്തു

Posted on: March 26, 2015 9:53 am | Last updated: March 26, 2015 at 9:53 am
SHARE

ബാലുശ്ശേരി: ഓപറേഷന്‍ കുബേരയുടെ മറവില്‍ ബാലുശ്ശേരി പോലീസ് കേസെടുത്ത് സ്വര്‍ണമണി ചിറ്റ് ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറെ ജയിലിലടപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ചിട്ടി ഉടമ വാകയാട് ആനന്ദ ഭവനില്‍ ടി സദാനന്ദന്‍ പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു.
ബാലുശ്ശേരി എ എസ് ഐ. എ പി മുരളീധരന്‍ ഒന്നും എസ് ഐ. കെ ഉണ്ണികൃഷ്ണന്‍ രണ്ടും പ്രതികളായാണ് അഡ്വ. പി പി സുരേന്ദ്രന്‍ മുഖേന അന്യായം ഫയല്‍ ചെയ്തതെന്ന് ടി സദാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയീച്ചു.
കേരള രജിസ്‌ട്രേഷനോട് കൂടിയാണ് ബാലുശ്ശേരിയില്‍ സ്വര്‍ണമണി ചിറ്റ് ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. സദാനന്ദന്റെ കോക്കല്ലൂരിലുള്ള വാടകവീട്ടില്‍ 2014 മെയ് 31നാണ് പോലീസ് റെയ്ഡ് നടത്തിയത്. അലമാരയില്‍ സൂക്ഷിച്ച ചെക്കുകളും മുദ്രപേപ്പറും ബോണ്ടുകളും 51,000 രൂപയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചിട്ടിയില്‍ കൂടിയവരുടെ രേഖകളാണ് ഇതെന്ന് അറിയിച്ചിട്ടും പലിശക്ക് പണം കൊടുക്കുന്ന ആളെന്ന് മുദ്രകുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
12 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. പിടിച്ചെടുത്ത രേഖകള്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചിട്ടിയുടെ പേരിലുള്ള ബോണ്ട്‌പേപ്പറുകള്‍ പോലീസ് മനപൂര്‍വ്വം മറച്ചുവെച്ചതായും അദ്ദേഹം പറഞ്ഞു. പലിശക്കാരനായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് ചിട്ടിയില്‍ ചേര്‍ന്ന ബാലുശ്ശേരിയിലെ വ്യാപാരികളുടെയും മറ്റ് ആളുകളുടെ ചെക്കുകളും പേപ്പറുകളും ബോണ്ടുകളും കസ്റ്റഡിയില്‍ എടുത്തത്. ചിട്ടിയെ സംബന്ധിച്ച് ഇന്നുവരെ ഒരു പരാതിപോലും ഉണ്ടായിട്ടില്ല.
പൊതുപ്രവര്‍ത്തകനായ താന്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ വെച്ച് പലപ്പോഴായി പോലീസ് നടപടികളില്‍ പ്രതിഷേധമറിയിച്ചതിനാലും എതിര്‍ത്തതിനാലും തന്നോട് വിരോധം തീര്‍ക്കുകയാണെന്നും സദാനന്ദന്‍ പറഞ്ഞു.
സംഭവത്തിനുശേഷം സംസ്ഥാന ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും ബാലുശ്ശേരി സി ഐ. പോലീസിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയതിനാലാണ് സ്വകാര്യ അന്യായം ഫയല്‍ചെയ്യാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.