കല്‍ക്കരിപ്പാടം: മന്‍മോഹന്‍ സിംഗ് സുപ്രീം കോടതിയില്‍

Posted on: March 26, 2015 6:18 am | Last updated: March 26, 2015 at 9:19 am
SHARE

manmohan singhന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസില്‍ തന്നെ പ്രതിചേര്‍ത്ത് സമന്‍സ് അയച്ച വിചാരണാ കോടതിയുടെ നടപടി ചോദ്യം ചെയ്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചു. സംയുക്ത സംരംഭമായ ഹിന്‍ഡാല്‍കോവിന് ഒഡിഷയിലെ തലബിര-11 കല്‍ക്കരിപ്പാടം അനുവദിച്ചത് ക്രമരഹിതമായാണെന്നതാണ് കേസിന്ന് ആധാരമായ സംഭവം.
മന്‍മോഹന്‍ സിംഗ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന 2005ലാണ് ഹിന്‍ഡാല്‍കോവിന് കല്‍ക്കരിപ്പാടം അനുവദിച്ചത്. മന്‍മോഹന്‍ സിംഗ്, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാനായ കുമാര്‍ മംഗലം ബിര്‍ള, മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി സി പരേഖ് എന്നിവരടക്കം ആറ് പേരോടാണ് പ്രതികളെന്ന നിലയില്‍ ഏപ്രില്‍ എട്ടിനകം വിചാരണാ കോടതിയില്‍ ഹാജരാകാന്‍ ജഡ്ജി സമന്‍സ് അയച്ചത്. ‘വിചാരണാ കോടതി ജഡ്ജിയുടെ നടപടി തന്നെ അലോസരപ്പെടുത്തുന്നു’വെന്ന് അന്നുതന്നെ മന്‍മോഹന്‍ സിംഗ് പ്രതികരിച്ചിരുന്നു.
ഐ പി സി 120ബി (ക്രിമിനല്‍ ഗൂഢാലോചന), ഐ പി സി 409 (വിശ്വാസ വഞ്ചന), അഴിമതി നിരോധ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രത്യേക സി ബി ഐ ജഡ്ജി ഭാരത് പരാഷര്‍ ആറ് പേര്‍ക്കും സമന്‍സ് അയച്ചത്. ഹിന്‍ഡാല്‍കോവിന് തലബീര-11 കല്‍ക്കരിപ്പാടം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് വ്യവസായി ബിര്‍ള 2005, മെയ് ഏഴിനും 2005 ജൂണ്‍ 17നും കല്‍ക്കരി മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും രണ്ട് കത്തുകള്‍ അയച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ ആധാരമാക്കി സി ബി ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് കോടതിയുടെ ഉത്തരവുണ്ടായത്.
ഈ കേസില്‍ ആര്‍ക്കെതിരെയും തെളിവില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാന്‍ സി ബി ഐ നേരത്തെ തന്നെ സുപ്രീം കോടതിയുടെ അനുമതി തേടിയിരുന്നു. ക്ലോസര്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കുകയുണ്ടായി. ഇതിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് മന്‍മോഹന്‍ സിംഗിനെ ഒഴിവാക്കി സി ബി ഐ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ബിര്‍ളക്കും പരേഖിനുമെതിരെ തെളിവുണ്ടെന്ന് അതില്‍ പറഞ്ഞിരുന്നു. എന്നാല്‍, രണ്ട് റിപ്പോര്‍ട്ടുകളും തള്ളിയാണ് കോടതി മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്തത്. 73 പേജ് വരുന്നതാണ് കോടതി ഉത്തരവ്. ഹിന്‍ഡാല്‍കോവിന് കല്‍ക്കരിപ്പാടം അനുവദിക്കേണ്ടതില്ലെന്ന തീരുമാനമെടുത്ത വകുപ്പ് സെക്രട്ടറി പരേഖ് പിന്നീട് നിലപാട് മാറ്റി. ഹിന്‍ഡാല്‍കോവിന് കല്‍ക്കരിപ്പാടം അനുവദിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ചിലരുടെ സമ്മര്‍ദമുണ്ടായിരുന്നുവെന്ന ആരോപണം ശക്തമാണ്.