Connect with us

Kerala

ജോലി സമയത്ത് പുകവലിച്ചാല്‍ കുടുങ്ങും: ലഹരി ഉപയോഗിച്ചാല്‍ സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിസമയത്ത് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. അധ്യാപകര്‍ക്കും സര്‍ക്കുലര്‍ ബാധകമാണെന്ന് ഭരണപരിഷ്‌കാര വകുപ്പ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. നടപടി സ്വീകരിക്കാത്ത മേലധികാരിക്കള്‍ക്കെതിരെയും നടപടി വരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യനിര്‍വഹണ സമയത്ത് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുതെന്ന പെരുമാറ്റച്ചട്ടം ലംഘിച്ച് പലരും ഇവ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് മേലുദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നുണ്ട്. പെരുമാറ്റച്ചട്ടത്തിലെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.
സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ ലഹരി പദാര്‍ഥമുപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ സസ്‌പെന്‍ഡ് ചെയ്ത് നടപടി സ്വീകരിക്കണം. നടപടിയെടുക്കാന്‍ വിമുഖത കാണിക്കുന്ന വകുപ്പ് മേലധ്യക്ഷന്മാര്‍ക്കെതിരെ കൃത്യവിലോപത്തിന് നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.