ചന്ദ്രബോസ് കൊലക്കേസ്: ഡി ജി പിക്കെതിരെ അന്വേഷണം

Posted on: March 26, 2015 9:13 am | Last updated: March 27, 2015 at 12:39 am
SHARE

balasubraതൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആക്ഷേപത്തില്‍ ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
ഡി ജി പിയെ കൂടാതെ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ്, ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ജയചന്ദ്രന്‍പിള്ള, പേരാമംഗലം സി ഐ. പി സി ബിജുകുമാര്‍, സി പി ഒമാരായ എ കൃഷ്ണകുമാര്‍, ബിനന്‍, രാജന്‍, തോമസ്, പ്രീത് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തും.
നിസാമിന്റെ സ്വാധീനത്തി ല്‍ വഴങ്ങി കേസ് അട്ടിമറിക്കാനും നിസാമിനെ രക്ഷപ്പെടുത്താനും ശ്രമിച്ചതായി ആരോപിച്ച് ബിജു കൊച്ചുപോള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി കെ ഹരിപാല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. വിജിലന്‍സ് ഡയറക്ടറോടാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. അന്വേഷണം നടത്തി ജൂണ്‍ 25നകം റിപ്പോര്‍ട്ട് ഹാജരാക്കണം.
നിസാമിനെ രക്ഷപ്പെടുത്താ ന്‍ ഡി ജി പി ഇടപെട്ടതായുള്ള ആരോപണങ്ങള്‍, കേസ് അന്വേഷണ ഘട്ടങ്ങളില്‍ പോലീസ് വരുത്തിയ വീഴ്ചകള്‍ തുടങ്ങിയവ ചൂണ്ടിക്കാണിച്ച് പ്രാഥമിക വാദത്തിന് ശേഷമാണ് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചത്. ബിജു കൊച്ചുപോളിന് വേണ്ടി അഡ്വ. സുനില്‍കുമാര്‍ ഹാജരായി. നേരത്തെ പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫ് നല്‍കിയ ഹരജിയില്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനും നിസാമിനുമെതിരെ ഇതേ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
നിസാമിനെതിരെ കാപ്പ ചുമത്താതിരിക്കാന്‍ ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം നേരിട്ട് ഇടപെെട്ടന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പി സി ജോര്‍ജ് പുറത്തുവിട്ടിരുന്നു. ഇതു സംബന്ധിച്ച് മുന്‍ ഡി ജി പി. എം എന്‍ കൃഷ്ണമൂര്‍ത്തിയും മുന്‍ തൃശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ സി ഡി അടക്കമുള്ള തെളിവുകളും പി സി ജോര്‍ജ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഫോണ്‍ സംഭാഷണത്തില്‍ ഡി ജി പിയുടെ പേര് പറയുന്നില്ലെങ്കിലും സ്വാമി എന്ന് പരാമര്‍ശിക്കുന്നത് ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യത്തെ ഉദ്ദേശിച്ചാണെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. ഡി ജി പിക്കെതിരെ കേസ് എടുക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കാനുള്ള പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവിട്ടത്.
ജൂണ്‍ 25നകം വിജിലന്‍സ് ഡയറക്ടറുടെ പ്രാഥമികാന്വേഷണത്തിന് ശേഷം കോടതി ഡി ജി പിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയാണെങ്കില്‍ സംഭവത്തില്‍ കൂടുതല്‍ ഉന്നത ഇടപെടലുകളെ കുറിച്ചുള്ള തെളിവുകള്‍ പുറത്തുവരും.