ഇന്ത്യക്ക് ദയനീയ പരാജയം; ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് ഫൈനല്‍

Posted on: March 26, 2015 2:43 pm | Last updated: March 27, 2015 at 9:02 am
SHARE

aus vs ind

സിഡ്‌നി: മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നാല് വര്‍ഷം മുമ്പ് ധോണിയുടെ നീലപ്പട ലോകകപ്പില്‍ ചുംബിച്ചു. ആതിഥേയര്‍ക്കുള്ള എല്ലാ ആനുകൂല്യവും മുതലെടുത്തായിരുന്നു ഇന്ത്യ രണ്ടാം ലോകകപ്പ് നേട്ടത്തിലേക്ക് കുതിച്ചത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം കപ്പ് ജേതാവിനുള്ള വിശേഷണത്തില്‍ മാറ്റമുണ്ടാകില്ല – ആതിഥേയര്‍ ! ആസ്‌ത്രേലിയയും ന്യൂസിലാന്‍ഡും സംയുക്താതിഥേയരായ 2015 ലോകകപ്പിന്റെ ഫൈനലിലും അവര്‍ തന്നെ. പൂള്‍ എയില്‍ ഒരുമിച്ചായിരുന്നു ഇവര്‍. പരസ്പരം പോരടിച്ചപ്പോള്‍ ആസ്‌ത്രേലിയക്ക് മേലുള്ള ആധിപത്യം ന്യൂസിലാന്‍ഡ് അടിവരയിട്ടു കൊണ്ട് ജയം സ്വന്തമാക്കി. ഫൈനല്‍ മധുരപ്രതികാരത്തിനുള്ള വേദിയാണ് ആസ്‌ത്രേലിയക്ക്. അതുപോലെ അഞ്ച് തവണ ലോകചാമ്പ്യന്‍മാരാകുന്ന ആദ്യ ടീമാവുകയും. ന്യൂസിലാന്‍ഡിന് കന്നി ഫൈനലാണ്. അതുകൊണ്ടു തന്നെ ലക്ഷ്യവും വ്യക്തമാണ് – കന്നിക്കിരീടം.
വെസ്റ്റിന്‍ഡീസിനും ആസ്‌ത്രേലിയക്കും ശേഷം കിരീടം നിലനിര്‍ത്തുന്ന ടീമാവുകയെന്ന അസുലഭാവസരമാണ് ഇന്ത്യ കൈവിട്ടത്. ലോകകപ്പ് സെമിഫൈനലില്‍ആസ്‌ത്രേലിയയോട് 95 റണ്‍സിനായിരുന്നു ദയനീയ തോല്‍വി. 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സിന് ആള്‍ ള്‍ ഔട്ടായി. മത്സരത്തിന്റെ ഒരുഘട്ടത്തിലും ടീം ഇന്ത്യ വിജയതൃഷ്ണ പ്രകടിപ്പിച്ചില്ല. ടോസ് നഷ്ടപ്പെട്ടതോടെ തന്നെ ഇന്ത്യ മാനസികമായി പിറകിലായി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ സഖ്യം മികച്ച തുടക്കം നല്കി. 76 റണ്‍സ് നേടിയ കൂട്ടുകെട്ട് പൊളിഞ്ഞതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടത് മധ്യഓവറുകളില്‍ സ്‌കോറിംഗ് വേഗം കുറച്ചു. ധവാന്‍ 45 റണ്‍സും രോഹിത് 34 റണ്‍സും നേടി. അജിങ്ക്യ രഹാനെ 44 റണ്‍സ് നേടിയത് 68 ബോളില്‍. മുന്‍നിര തകര്‍ന്നതിനാല്‍ ശ്രദ്ധയോടെ കളിച്ച ക്യാപ്റ്റന്‍ ധോണി 65 റണ്‍സ് നേടി.
മൂന്ന് വിക്കറ്റ് നേടിയ ജയിംസ് ഫോക്‌നറും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ച് എന്നിവരും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.
നേരത്തെ സ്റ്റീവ് സ്മിത്തിന്റെ മനോഹര സെഞ്ചുറിയാണ് ഓസീസിനെ 328 റണ്‍സില്‍ എത്തിച്ചത്. 93 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും അടക്കം 105 റണ്‍സ് അടിച്ച സ്മിത്താണ് ഓസീസിന് മികച്ച അടിത്തറ നല്‍കിയത്. 81 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ച് സ്മിത്തിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 182 റണ്‍സാണ് ഓസീസ് ഇന്നിംഗ്‌സിന് കരുത്തായത്.
എന്നാല്‍ സ്മിത്ത് പുറത്തായതിന് പിന്നാലെ മധ്യനിര തകര്‍ന്നത് ഓസീസിനെ ആശങ്കയിലാഴ്ത്തി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മിച്ചല്‍ ജോണ്‍സനാണ് ഓസീസ് സ്‌കോര്‍ ഉയര്‍ത്തിയത്. ഒന്‍പത് പന്തില്‍ 27 റണ്‍സോടെ ജോണ്‍സണ്‍ പുറത്താകാതെ നിന്നു. ഷെയ്ന്‍ വാട്‌സണ്‍ (28), ജയിംസ് ഫോക്‌നര്‍ (21), ഗ്ലെന്‍ മാക്‌സ്‌വെല്‍ (23) എന്നിവരും മികച്ച സംഭാവനകള്‍ നല്കി.
ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് നാലും മോഹിത് ശര്‍മ രണ്ടും വിക്കറ്റുകള്‍ നേടി. പതിവിന് വിപരീതമായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ റണ്‍സ് വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മോഹിത് ശര്‍മ എന്നിവരെല്ലാം ഓവറില്‍ ആറിലധികം റണ്‍സ് വഴങ്ങി. സ്പിന്നര്‍മാരായ ആര്‍.അശ്വിനും രവീന്ദ്ര ജഡേജയും മികച്ച രീതിയില്‍ പന്തെറിഞ്ഞു.

worldcupsemifinal_indvsaus