Connect with us

Kerala

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവിടാനുള്ള സമയപരിധി നീട്ടി

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ചെലവഴിക്കുന്നതിനുള്ള സമയപരിധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് 2014-15 വര്‍ഷത്തെ പദ്ധതി വിഹിതം ചെലവഴിക്കാന്‍ 2016 മാര്‍ച്ച് 31 വരെ സമയം ലഭിക്കും. എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ടും മാര്‍ച്ച് 31ന് ശേഷവും ചെലവഴിക്കാം. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ കൂട്ടത്തോടെ പണം ചെലവഴിക്കുന്നതും പദ്ധതി വിഹിതം ലാപ്‌സാകുന്നതും ഒഴിവാക്കാന്‍ വേണ്ടിയാണിതെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷം അവസാനിച്ചാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് പാഴായിപ്പോകുമെന്ന ആശങ്ക വേണ്ട. സര്‍ക്കാറിന് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ബാക്കിവരുന്ന മുഴുവന്‍ തുകയും വിനിയോഗിക്കുന്നതിന് സാവകാശം നല്‍കുന്നത്. ഫണ്ട് ചെലവഴിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം പഞ്ചായത്തുകള്‍ക്കായിരിക്കും. പദ്ധതിത്തുക ചെലവഴിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതില്‍ മുഴുവന്‍ പഞ്ചായത്തുകളെയും കുറ്റക്കാരാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിലെ സാങ്കേതിക സമിതികളുടെ കാലതാമസമൊഴിവാക്കുകയും ഒരുവര്‍ഷത്തെ പദ്ധതിത്തുക പത്ത് തവണകളാക്കി നല്‍കുകയും ചെയ്തു. എന്നിട്ടും പദ്ധതി വിനിയോഗത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാനായില്ല.
ത്രിതല പഞ്ചായത്തുകളുടെ ബില്ലുകള്‍ മാര്‍ച്ച് 30വരെ ട്രഷറിയില്‍ വാങ്ങാനും ധനവകുപ്പിന് നിര്‍ദേശം നല്‍കി. എം എല്‍ എമാരുടെ ആസ്തിവികസന ഫണ്ടുകള്‍ക്ക് മാര്‍ച്ച് 31ന് മുമ്പ് അനുമതി നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന സര്‍ക്കുലറില്‍ മാറ്റം വരുത്തും. പൊതുവിതരണരംഗം കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായുണ്ടാവുന്ന അനന്തരഫലങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച നിവേദിത പി ഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കി. കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കാലാവധി രണ്ട് വര്‍ഷംകൂടി നീട്ടും. മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടാഴ്ച സൗജന്യ റേഷന്‍ നല്‍കും. മംഗള്‍യാന്‍ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍മാരെ മന്ത്രിസഭാ യോഗം അഭിനന്ദിച്ചു.