അധ്യാപികയുടെ മരണം: അന്വേഷണം നിലച്ചു സീനിയര്‍ സൂപ്രണ്ട് അവധിയില്‍

Posted on: March 26, 2015 5:50 am | Last updated: March 25, 2015 at 11:51 pm
SHARE

തൊടുപുഴ: പരിശോധനയുടെ പേരിലുണ്ടായ മാനസിക പീഡനത്തെ തുടര്‍ന്ന് കുഞ്ചിത്തണി ഗവഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇ പി പുഷ്പലത മരിക്കാനിടയായ സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന സീനിയര്‍ സൂപ്രണ്ട്് പി എച്ച് ഇസ്മാഈല്‍ ജോലിയില്‍ പ്രവേശിച്ച ശേഷം അവധിയെടുത്തു. 11ന് പുലര്‍ച്ചെയാണ് അധ്യാപിക മരിച്ചത്. സംഭവത്തില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ട് പിറ്റേ ദിവസം ഇസ്മാഈലിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സസ്‌പെന്‍ഡ് ചെയ്ത് 13-ാം ദിവസമാണ് ഇസ്മാഈലിനെ തിരിച്ചെടുത്തത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടിയെന്ന് ഡി പി ഐ. കെ ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു.
കേസിലെ മുഖ്യ കുറ്റാരോപിതന്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ എന്‍ ശശിധരനെതിരെ നടപടി ഉണ്ടാകാനും സാധ്യതയില്ല. ടീച്ചറുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയ അഡീഷനല്‍ ഡി പി ഐ ഈ രണ്ടു ഉദ്യോഗസ്ഥര്‍ക്കുമെതിരായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബിശ്വാസ് മേത്ത അധ്യാപികയുടെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഭരണപക്ഷ സര്‍വീസ് സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കേസ് അട്ടിമറിക്കുന്നതെന്നാണ് സൂചന. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി ജോലിയില്‍ പ്രവേശിച്ച ഇസ്മാഈല്‍ അപ്പോള്‍ തന്നെ അവധി നല്‍കി സ്ഥലം വിടുകയായിരുന്നു. തൊട്ടുപിന്നാലെ ഇടതു സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി എത്തിയപ്പോഴേക്കും ഇസ്മാഈല്‍ സ്ഥലം വിട്ടിരുന്നു. 31ന് ഇദ്ദേഹം സര്‍വീസില്‍ നിന്നും വിരമിക്കും. ശശിധരന്‍ മെയ് 31നാണ് വിരമിക്കുന്നത്. സംഭവത്തില്‍ വെളളത്തൂവല്‍ പോലീസ് നടത്തുന്ന അന്വേഷണവും പാതി വഴിയില്‍ നിലക്കാനാണ്് സാധ്യത.