Connect with us

Kerala

ഇടതുബദല്‍ സാധ്യമാകാന്‍ ഇടത് പാര്‍ട്ടികള്‍ ശക്തിയാര്‍ജിക്കണം: പ്രകാശ് കാരാട്ട്‌

Published

|

Last Updated

പുതുച്ചേരി: ഇടതുപാര്‍ട്ടികള്‍ സ്വയംശക്തിയാര്‍ജിച്ചാല്‍ മാത്രമേ ഇടതുബദല്‍ സാധ്യമാകൂവെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാജ്യത്തെ രണ്ടുതരത്തില്‍ വിഭജിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ നയിക്കുന്ന ഒരു ശക്തിയും ഹിന്ദു വര്‍ഗീയത ചീറ്റുന്ന മറ്റൊരു വിഭാഗവും. ഇത്തരത്തിലുളള നെറികേടുകള്‍ തുടര്‍ന്നാല്‍ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായ സോഷ്യലിസം, മതേതരത്വം എന്നിവ അപ്രത്യക്ഷമാകും. സി പി ഐ 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനി ഉള്‍പ്പെടെയുളള കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് കോടികള്‍ കൊയ്യാനുളള ഒരു വേദിയാക്കി രാജ്യത്തെ മോദിയും കൂട്ടരും മാറ്റുന്നു. രാജ്യത്തിന്റെ ധാതുസമ്പത്ത്, പ്രകൃതി വിഭവങ്ങള്‍ എന്നിവയെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു. കല്‍ക്കരി ഖനികള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കുന്നു. ബേങ്കിംഗ്, ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നീ മേഖലകളില്‍ വിദേശ നിക്ഷേപങ്ങള്‍ അനുവദിക്കുന്നു. ഇതൊക്കെത്തന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും.
വിവിധ മേഖലകളില്‍ നവഉദാരവത്കരണ സാമ്പത്തിക നയങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഫലമായി സാമ്പത്തിക അസമത്വംതന്നെയുണ്ടാകുന്നു.
ഈ അസമത്വം സാമ്പത്തിക മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. വര്‍ഗീയവികാരങ്ങള്‍ ഇളക്കിവിടുന്നതിലും ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതിലും മോദി സര്‍ക്കാര്‍ ഏറെ മുന്നിലാണ്.
ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ദളിതര്‍ തുടങ്ങി സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നിവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുളളത്. ജനങ്ങളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നു. പളളികളെ ആക്രമിക്കുന്നു. ബീഫ് നിരോധിച്ചു. ഇത്തരം നെറികെട്ട കാര്യങ്ങളാണ് കഴിഞ്ഞ ആറ് മാസത്തിനിടെ മോദി സര്‍ക്കാര്‍ ചെയ്യുന്നത്.
രാജ്യത്തിന്റെ ആധാരശിലകളായ ജനാധിപത്യം, മതേതരത്വം എന്നിവ്ക്ക് മോഡി സര്‍ക്കാര്‍ ഗുരുതരമായ ഭീഷണിയാണുയര്‍ത്തുന്നത്. ജനങ്ങള്‍ക്കിടയില്‍ വിദേ്വഷവും അസഹിഷ്ണതയും സൃഷ്ടിക്കുന്നതില്‍ ഈ വര്‍ഗീയ വെറിയന്‍മാര്‍ വിജയിച്ചു. ഇതിന്റെ ഫലമാണ് ഗോവിന്ദപന്‍സാരെയുടെ കൊലപാതകം. നവഉദാരവത്കരണ സാമ്പത്തികനയങ്ങള്‍, വര്‍ഗീയത എന്നിവക്കെതിരെ നാം ശക്തമായി പോരാടണം.
ഇതിനൊക്കെയുളള ഏക പരിഹാരം ശക്തമായ ഇടതുപക്ഷ ഐക്യമാണ്. രാജ്യത്തെ മതേതരത്വം, ജനാധിപത്യം, ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് ഇടതുപാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണെന്നും കാരാട്ട് പറഞ്ഞു.

Latest