Connect with us

Kerala

പി ജി ദീപകിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായി സൂചന

Published

|

Last Updated

അന്തിക്കാട്: വെട്ടേറ്റു മരിച്ച ജനതാദള്‍(യു) നിയോജക മണ്ഡലം പ്രസിഡന്റും പഴുവില്‍ സെന്ററിലെ റേഷന്‍ വ്യാപാരിയുമായ പി ജി ദീപകിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. വൈകീട്ട് മൂന്ന് മണിയോടെ ദീപകിന്റെ ഭൗതിക ശരീം വഹിച്ചു കൊണ്ടുള്ള വാഹനം പഴുവില്‍ സെന്ററിലെത്തിയപ്പോള്‍ സ്ത്രീകളടക്കം ഒട്ടേറെ പേര്‍ പഴുവില്‍ സെന്ററില്‍ തടിച്ച് കൂടി. തുടര്‍ന്ന് വിലാപ യാത്രയായി നാല് മണിയോടെ പെരിങ്ങോട്ടുകര കരുവാന്‍കുളത്തെ വസതിയിലേക്ക് എത്തിച്ചു. വീടിനകത്ത് അല്‍പ്പനേരം പൊതുദര്‍ശനത്തിന് വെച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമടക്കം നിരവധി പേരാണ് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഇവിടെയെത്തിയത്. എം എല്‍ എമാരായ എം വി ശ്രേയാംസ് കുമാര്‍, ടി എന്‍ പ്രതാപന്‍, ഗീതഗോപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍, ഡി സി സി പ്രസിഡന്‍് ഒ അബ്ദുര്‍ഹ്മാന്‍ കുട്ടി, ജനതാദള്‍ നേതാക്കളായ ഡോ. വര്‍ഗീസ് ജോണ്‍, ഷേഖ് പി ഹാരിസ്, അഗസ്റ്റ്യന്‍ കോലഞ്ചേരി തുടങ്ങി ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും എത്തിയിരുന്നു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്്കരിച്ചു. വൈകീട്ട് പഴുവില്‍ സെന്ററില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി കക്ഷികളുടെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.
ദീപകിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജനതാദള്‍ യു തൃശൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമായിരുന്നു. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ജില്ലയുടെ തെക്ക്, കിഴക്ക് മേഖലകളിലെ ജനജീവിതം സാധാരണ നിലയിലായിരന്നു.
ദിപകിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായി സൂചനയുണ്ട്. അക്രമി സംഘം ഉപയോഗിച്ചിരുന്ന കാര്‍ ചിറക്കല്‍ കൊറ്റംകോട് റഗുലേറ്ററിന് സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പുല്ലഴി സ്വദേശിയുടെതാണൈന്ന് കണ്ടെത്തിയിട്ടുണ്ട്.
കാറിന്റെ മുന്‍ഭാഗത്തെയും പിറകിലെയും നമ്പറുകള്‍ മായ്ച്ച നിലയിലായിരുന്നു. കാറുകളില്‍ നിന്ന് ഏതാനും ഗുണ്ടുകളും മങ്കി ക്യാപും ഭക്ഷണ സാധനങ്ങളും കണ്ടെത്തി.ചേര്‍പ്പ് സി ഐ. കെ സി സേതുവിനാണ് കേസിന്റെ അന്വേഷണ ചുമതല.