Connect with us

Kerala

ലക്ഷങ്ങള്‍ തട്ടി ഒളിവില്‍ പോയ വ്യവസായി അറസ്റ്റില്‍

Published

|

Last Updated

തിരൂര്‍: ബിസിനസ് തുടങ്ങാനെന്ന പേരില്‍ പത്ത് ലക്ഷം തട്ടിയ ശേഷം ഒളിവില്‍ പോയ പ്രമുഖ വ്യവസായി പോലീസ് പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുബാഷ് ചന്ദ്രനെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പുറത്തൂര്‍ പണ്ടാര വളപ്പില്‍ ഗോവര്‍ധനനില്‍ നിന്നും പന്ത്രണ്ട് വര്‍ഷം മുമ്പ് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞായിരുന്നു 10 ലക്ഷം രൂപ കൈപ്പറ്റിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി സെക്യൂരിറ്റി തുകയായി പത്തു ലക്ഷം രൂപ ഇദ്ദേഹത്തെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നെങ്കിലും കരാര്‍ പ്രകാരമുള്ള ഉത്പന്നങ്ങള്‍ കൈമാറാതെ പ്രതി മുങ്ങുകയായിരുന്നു. ഇടനിലക്കാര്‍ മുഖേന പണം ആവശ്യപ്പെട്ടതോടെ ഗോവര്‍ധനനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതിയുടെ ഉന്നത ബന്ധം കാരണം അറസ്റ്റുണ്ടായില്ല.
പ്രതി ഹാജരാകാത്തതിനെ തുടര്‍ന്ന് തിരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തിരൂര്‍ കോടതിയില്‍ നിന്നും ജാമ്യം അനുവദിക്കുകയായിരുന്നു. പിടിയിലായ സുഭാഷ് ചന്ദ്രന്‍ തിരുവനന്തപുരത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയാണ്.