Connect with us

Kerala

ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ 31ന് ശേഷം നിര്‍ത്തേണ്ടിവരും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി തീരുന്നതോടെ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിയര്‍, വൈന്‍ ലൈസന്‍സിന് അപേക്ഷിച്ചാല്‍ ഇവര്‍ക്ക് അത് നല്‍കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. മദ്യനയം സംബന്ധിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തിട്ടില്ല. ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശം സര്‍ക്കാറിന് മുന്നില്‍ വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
യുവജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തൂവെന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. നിലവിലുള്ള എല്‍ ഡി ക്ലാര്‍ക്ക് ലിസ്റ്റില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കാന്‍ വേണ്ടിയാണ് ജൂണ്‍ വരെയുള്ള ഒഴിവുകള്‍ കണക്കാക്കി സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചത്.
പുതിയ ലിസ്റ്റ് ഏപ്രില്‍ ഒന്നിന് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് മുന്നില്‍ മറ്റു വഴികളില്ല. ലിസ്റ്റ് പ്രസിദ്ധീകരണം വൈകിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പി എസ് സി അംഗീകരിക്കാതെ വന്നതോടെയാണ് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചത്.
ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ മൃഗങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇവ നാട്ടില്‍ ഇറങ്ങുന്ന സാഹചര്യവും നിലനില്‍ക്കുന്നു. മനുഷ്യജീവന് സംരക്ഷണം നല്‍കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചുവരുന്നത് സര്‍ക്കാര്‍ ഗൗരവത്തില്‍ കാണുന്നു. വന്ധ്യംകരണം ഉള്‍പ്പെടെ നിര്‍ദേശിക്കപ്പെട്ട പദ്ധതികള്‍ ഇതിന് പരിഹാരമാണോയെന്ന കാര്യത്തില്‍ സംശയമുണ്ട്. തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ സര്‍ക്കാറിന് മുന്നില്‍ പലതടസ്സങ്ങളും നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest