Connect with us

Kerala

പ്ലൈവുഡ് സ്ഥാപനത്തില്‍ വന്‍ വൈദ്യുതി മോഷണം; ഒരു കോടിയിലധികം രൂപ പിഴയിട്ടു

Published

|

Last Updated

തിരുവനന്തപുരം: എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ എറണാകുളം ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വല്ലം ജെ ജെ പ്ലൈവുഡ് എന്ന സ്ഥാപനത്തില്‍ വന്‍ വൈദ്യുതി മോഷണം കണ്ടെത്തി. ഒരു കോടി മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചാണ് മോഷണം നടത്തിയത്. ഈയിടെ സ്‌ക്വാഡ് നടത്തിയ പ്രാഥമിക പരിശോധനയില്‍ മോഷണം സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് മീറ്റര്‍ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനക്കായി ബെംഗളുരു എല്‍ ആന്‍ഡ് ടി കമ്പനി ലാബിലേക്ക് അയച്ചിരുന്നു.
വൈദ്യുതി മീറ്ററിനുള്ളില്‍ ആര്‍ എഫ് എലമെന്റ സ്ഥാപിച്ചിട്ടുള്ളതായി കണ്ടെത്തി. പരിശോധനാഫലം ലഭിച്ചതിനെ തുടര്‍ന്ന് എറണാകുളം ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡും പെരുമ്പാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിജുവിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ അധികൃതരും എത്തി കമ്പനിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ഇതിനുപുറമെ, എറണാകുളം ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് കഴിഞ്ഞയാഴ്ച തോപ്പുംപടി സെക്ഷനില്‍ നടത്തിയ പരിശോധനകളില്‍ കോള്‍ഡ് സ്‌റ്റോറേജുകളില്‍ വ്യാപകമായ വൈദ്യുതി ദുരുപയോഗം കണ്ടെത്തി മൂന്ന് ഇടങ്ങളില്‍ നിന്നായി 75 ലക്ഷം രൂപ പിഴ ചുമത്തി.
മധ്യമേഖല എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് കാസിമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ വിന്‍സെന്റ് എബ്രഹാം, ബിമല്‍ ജോസഫ് എന്നിവരും പങ്കെടുത്തു.