Connect with us

Kerala

കൊടുംചൂട്: വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

Published

|

Last Updated

തിരുവനന്തപുരം: വേനല്‍ച്ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലെത്തി. 70.41 ദശലക്ഷം യൂനിറ്റായിരുന്നു കഴിഞ്ഞ ദിവസത്തെ ഉപഭോഗം. കഴിഞ്ഞവര്‍ഷം ഇതേദിവസം 64 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം. കേരളത്തിലാദ്യമായാണ് വൈദ്യുതി ഉപഭോഗം ഇത്ര ഉയര്‍ന്ന യൂനിറ്റിലെത്തുന്നത്. ചൂട് കനത്തതിനെത്തുടര്‍ന്ന് ഫാന്‍, എ സി അടക്കമുള്ള ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിച്ചതാണ് വൈദ്യുതി ഉപഭോഗവും കൂടാന്‍ കാരണമായതെന്ന് കെ എസ് ഇ ബി അധികൃതര്‍ പറയുന്നു. ഏപ്രില്‍ പകുതിയോടെ വൈദ്യുതി ഉപഭോഗം 70 ദശലക്ഷം യൂനിറ്റായി ഉയരുമെന്ന് കെ എസ് ഇ ബി കണക്കുകൂട്ടിയിരുന്നെങ്കിലും ആഴ്ചകള്‍ക്ക് മുമ്പേ ഉപയോഗം ഈ നിരക്കിലെത്തുകയായിരുന്നു. സാധാരണഗതിയില്‍ വൈദ്യുതി ഉപയോഗം വര്‍ധിക്കുന്ന വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. എന്നാല്‍ ഇത്തവണ വലിയ പ്രതിസന്ധിയുണ്ടായില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. താപവൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ നാഫ്ത ഇന്ധനത്തിന്റെ വില കുറഞ്ഞതും പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി കേരളത്തിലേക്ക് എത്തിക്കുന്ന ദക്ഷിണേന്ത്യന്‍ ഇടനാഴിയില്‍ പഴയപോലെ തിരക്കില്ലാത്തതുമാണ് അനുകൂല ഘടകം. കൂടാതെ കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം പരമാവധി ലഭിക്കുന്നുമുണ്ട്. പുറമെ, കൂടംകുളം ആണവനിലയത്തില്‍നിന്നുള്ള 125 മെഗാവാട്ടും കേരളത്തിന് ലഭിക്കുന്നു.
കഴിഞ്ഞദിവസം ഉപയോഗിച്ച വൈദ്യുതിയില്‍ 41.38 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് വാങ്ങിയതാണ്. 29.03 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉത്പാദനം. പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ ഇടുക്കിയിലെ ഉല്‍പ്പാദനം 11.49 ദശലക്ഷം യൂനിറ്റാണ്. സംസ്ഥാനത്തെ എല്ലാ ജലസംഭരണികളിലുമായി 53 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്.
ഇടുക്കിയിലും ആകെ സംഭരണശേഷിയുടെ 53 ശതമാനം വെള്ളമാണുള്ളത്. സംസ്ഥാനത്തെ സംഭരണികളില്‍ അവശേഷിക്കുന്നത് 48 ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണെന്ന് കെ എസ് ഇ ബി അധികൃതര്‍ വ്യക്തമാക്കുമ്പോഴാണ് സംസ്ഥാനം അഭിമുഖീകരിക്കേണ്ടിവരുന്ന വൈദ്യുതി പ്രതിസന്ധി ബോധ്യമാവുക.

 

Latest