Connect with us

International

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യു എസ് പിന്മാറ്റം വൈകും

Published

|

Last Updated

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് രാജ്യത്ത് നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിക്കുന്നത് സാവധാനമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അനുമതി നല്‍കി. ഈ വര്‍ഷം അവസാനം വരെ 9,800 യു എസ് സൈനികരെ അഫ്ഗാനില്‍ നിലനിര്‍ത്തുമെന്നു പറഞ്ഞ ഒബാമ സേനയെ 2017 ഓടെ പിന്‍വലിക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്നു. തീവ്രവാദികള്‍ക്കെതിരായ പോരാട്ടം നടക്കുന്ന ഈ സമയത്ത് സൈനികവിന്യാസത്തിന് സഹായകമാകുന്നതിനാണ് കുറച്ച് മാസങ്ങള്‍കൂടി അമേരിക്കന്‍ സൈനികരെ നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുമൊന്നിച്ച് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ പറഞ്ഞു. സൈനികരെ നിലനിര്‍ത്തുന്ന തീയതി സംബന്ധിച്ച് തങ്ങള്‍ തീരുമാനമെടുത്തതായും ഇവരെ പിന്‍വലിക്കുന്ന തീയതിയില്‍ മാറ്റമുണ്ടാകില്ലെന്നും ഒബാമ പറഞ്ഞു. തീവ്രവാദ വിരുദ്ധ പോരാട്ടം നടത്തുന്ന അഫ്ഗാന്‍ സേനയെ പരിശീലിപ്പിക്കാനും സഹായിക്കാനുമായി അഫ്ഗാനിലെ യു എസ് സൈനികരെ നിലനിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് നിലവിലുള്ള സൈനികരില്‍ പകുതിയോളം പേരെ പിന്‍വലിക്കാനാണ് ആദ്യം അമേരിക്ക പദ്ധതിയിട്ടത്.

Latest