ഫ്രാന്‍സിലെ വിമാന അപകടം;ബാഹ്യ ഇടപെടലുകള്‍ക്ക് തെളിവ് ലഭിച്ചിട്ടില്ലെന്ന് ജര്‍മനി

Posted on: March 26, 2015 5:59 am | Last updated: March 25, 2015 at 11:25 pm
SHARE

പാരീസ്: സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്ന് ജര്‍മനിയിലെ ഡ്യൂസല്‍ഫോര്‍ഡിലേക്കുള്ള യാത്രക്കിടെ ജര്‍മന്‍ വിംഗ്‌സ് വിമാനം ആല്‍പ്‌സ് പര്‍വതനിരകള്‍ക്കിടയില്‍ തകര്‍ന്നുവീണതിന് പിന്നില്‍ എന്തെങ്കിലും ബാഹ്യശക്തികളുടെ ഇടപെടല്‍ സംശയിക്കുന്നില്ലെന്ന് ജര്‍മന്‍ സര്‍ക്കാര്‍. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന 150 പേരും കൊല്ലപ്പെട്ടതായി ജര്‍മന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 72 ജര്‍മന്‍കാരും 35 സ്‌പെയിന്‍കാരും മൂന്ന് ബ്രിട്ടീഷുകാരും ഉള്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. വിമാനത്തിന്റെ രണ്ട് ബ്ലാക് ബോക്‌സുകളില്‍ ഒന്നായ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ കണ്ടെടുത്തു. ഇതിന് കേടുപാടുകള്‍ സംഭവിച്ചതായി തിരച്ചില്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വിമാനം തകര്‍ന്നുവീണതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോ എന്നതിന് വ്യക്തമായി തെളിവ് ലഭിച്ചിട്ടില്ല. എന്നാലും അന്വേഷണം എല്ലാ ദിശകളിലും പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രി തോമസ് ഡി മൈസീരെ മാധ്യമങ്ങളോട് പറഞ്ഞു. ഭീകരവാദികളാണോ ഈ വിമാനാപകടത്തിന് പിന്നിലെന്നതിന് തെളിവില്ലെന്ന് വൈറ്റ്ഹൗസും ചൂണ്ടിക്കാട്ടി.
ജര്‍മന്‍ വിംഗ്‌സ് വിമാനം തകര്‍ന്നുവീണതിന്റെ കാരണം വിശദീകരിക്കാനാകുന്നില്ലെന്നാണ് ലുഫ്താന്‍സയുടെ പ്രതികരണം. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചെറിയൊരു പ്രദേശത്ത് മാത്രമാണ് ചിതറിക്കിടക്കുന്നതെന്നും ആകാശത്ത് വെച്ച് വിമാനം പൊട്ടിച്ചിതറിയിട്ടില്ലെന്നതിന് ഇത് തെളിവാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ വിമാനത്തിനുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ല. അതുപോലെ ലുഫ്താന്‍സയുടെ മികച്ച പൈലറ്റുമാരാണ് വിമാനത്തെ നിയന്ത്രിച്ചിരുന്നത്. തകര്‍ന്നുവീണ വിമാനത്തിന് 24 വര്‍ഷത്തെ പഴക്കമാണുണ്ടായിരുന്നത്. അടുത്തിടെ ചില ചെറിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം റിപ്പയര്‍ ചെയ്തതായും ലുഫ്താന്‍സ മേധാവി പറഞ്ഞു. പോലീസും ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്തെത്തി വിശദമായി പരിശോധന തുടരുകയാണ്. വിമാനം തകരുന്നതിന് മുമ്പ് എന്തെങ്കിലും അപായമുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനാപകടത്തില്‍പ്പെട്ട മുഴുവന്‍ പേരുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയെടുക്കാന്‍ ഒരാഴ്ചയെങ്കിലും താമസിക്കുമെന്നാണ് സുരക്ഷാ വിഭാഗം പറയുന്നത്. 2000ത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ വിമാന ദുരന്തം ഫ്രാന്‍സില്‍ സംഭവിക്കുന്നത്.