ആറ് കുറ്റവാളികളെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി

Posted on: March 26, 2015 5:21 am | Last updated: March 25, 2015 at 11:22 pm
SHARE

ഇസ്‌ലാമാബാദ് : കൊലപാതകകുറ്റം ചുമത്തപ്പെട്ട ആറ് തടവുകാരെ പാക്കിസ്ഥാനില്‍ തൂക്കിക്കൊന്നു. ഡിസംബറില്‍ വധശിക്ഷ പുനരാരംഭിച്ചതിനു ശേഷം ഇതുവരെ 61 ആളുകളെയാണ് പാക്കിസ്ഥാനില്‍ വധശിക്ഷക്ക് വിധേയരാക്കിയത്.
നാല് പേരെ പഞ്ചാബ് പ്രവിശ്യയിലെ വിവിധ ജയിലുകളിലും രണ്ട് പേരെ ദക്ഷിണ പട്ടണമായ സുക്കുറിലുമാണ് തൂക്കിലേറ്റിയത്. വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊന്ന അധ്യാപകനും തൂക്കിലേറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 154 പേര്‍ കൊല്ലപ്പെട്ട പെഷവാര്‍ സ്‌കൂളിലെ ഭീകരാക്രമണത്തിന് ശേഷം തീവ്രവാദികളെയും കുറ്റവാളികളെയും അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാനില്‍ വധശിക്ഷ പുനഃരാരംഭിച്ചത്.
2008 മുതല്‍ പാക്കിസ്ഥാനില്‍ വധശിക്ഷക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആദ്യമായി നിരോധനം എടുത്തുമാറ്റിയത് തീവ്രവാദ കുറ്റകൃത്യങ്ങളില്‍ വധശിക്ഷ നടപ്പില്‍ വരുത്താനായിരുന്നു. എന്നാല്‍ ഈ മാസം മറ്റു പ്രധാനപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളിലേക്കും വധശിക്ഷ വ്യാപിപ്പിച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂനിയനും യു എന്നും മനുഷ്യാവകാശ സംഘടനകളും വധശിക്ഷ നിരോധനം പുനഃസ്ഥാപിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിക്കുന്നുണ്ട്.
പാക് നീതിന്യായ വ്യവസ്ഥ വിശ്വാസയോഗ്യമല്ലാത്തതാണെന്നും പോലീസ് പീഡനങ്ങളാല്‍ വികൃതമാണെന്നും പ്രതികള്‍ക്ക് നിയമപരമായ പ്രാതിനിധ്യം മോശമാണെന്നും ന്യായരഹിതമായ പരിശോധനകളാണെന്നുമാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.
പാക്കിസ്ഥാന്‍ ജയിലുകളില്‍ 8,000 തടവുകാര്‍ വധശിക്ഷ കാത്തുകിടക്കുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കണക്കാക്കുന്നു.